രാഷ്ട്രീയജീവിതം അവസാനിപ്പിച്ചെന്നു ബിജെപി എംപി ബാബുൽ സുപ്രിയോ
Sunday, August 1, 2021 12:39 AM IST
കോൽക്കത്ത: ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് മുൻ കേന്ദ്രമന്ത്രിയും അസൻസോൾ എംപിയുമായ ബാബുൽ സുപ്രിയോ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.
2014ൽ ആദ്യ നരേന്ദ്ര മോദി സർക്കാരിൽ സഹമന്ത്രിയായിരുന്ന ബാബുലിന് പുതിയ മന്ത്രിസഭാ അഴിച്ചുപണിയുടെ ഭാഗമായി മന്ത്രിസ്ഥാനം നഷ്ടമായിരുന്നു. എംപിസ്ഥാനം രാജിവയ്ക്കുമെന്നു പറഞ്ഞ ബാബുൽ, താൻ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ ഭാഗമാകാനില്ലെന്നും സാമൂഹ്യപ്രവർത്തനത്തിന് രാഷ്ട്രീയപ്രവർത്തകനാകേണ്ടതില്ലെന്നും ഫേസ്ബുക്കിൽ കുറിച്ചു. രണ്ടുതവണ ബംഗാളിലെ അസൻസോളിൽനിന്നു പാർലമെന്റിലെത്തിയ ബാബുലിന് ജൂലൈ ഏഴിനു നടന്ന കാബിനറ്റ് അഴിച്ചുപണിയിലാണ് മന്ത്രിസ്ഥാനം നഷ്ടമായത്.