ബഹളം മറയ്ക്കാൻ രാജ്യസഭാ ടിവി സംപ്രേഷണം നിർത്തിവച്ചു
Thursday, August 5, 2021 12:43 AM IST
ന്യൂഡൽഹി: രാജ്യസഭയിലെ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം മറയ്ക്കാനായി രാജ്യസഭാ ടിവിയുടെ സജീവസംപ്രേഷണം ഇടയ്ക്കു നിർത്തിവച്ചതു വിവാദമായി. സംയുക്ത പ്രതിപക്ഷ പ്രതിഷേധം ബ്ലാക്ക് ഒൗട്ട് ചെയ്തതു സെൻസർഷിപ്പ് ആണെന്ന് തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയൻ കുറ്റപ്പെടുത്തി.
ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യം മുറിച്ചുമാറ്റി ഭരണപക്ഷത്തിന്റെ കാര്യങ്ങൾ പ്രക്ഷേപണം ചെയ്യുന്ന രീതി പ്രതിപക്ഷം ചോദ്യം ചെയ്തു. പൊതുധനം ഉപയോഗിച്ചു നടത്തുന്ന രാജ്യസഭാ ടിവിയിൽ സഭാ നടപടികൾ ഏകപക്ഷീയമായി സംപ്രേഷണം ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണെന്നു കോണ്‍ഗ്രസ്, തൃണമൂൽ, സിപിഎം അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. പാർലമെന്ററി ജനാധിപത്യത്തിൽ സർക്കാരിന്റെ തെറ്റുകളെ വിമർശിക്കുകയും അവയ്ക്കെതിരേ പ്രതിഷേധിക്കുകയും ചെയ്യേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണ്. പ്രതിഷേധിക്കാനുള്ള എംപിമാരുടെ അവകാശം നിഷേധിക്കുന്നതു തീർത്തും ജനാധിപത്യ വിരുദ്ധ നടപടിയാണെന്നു കോണ്‍ഗ്രസ് എംപിമാർ പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധത്തിന്റെ മൊബൈൽ വീഡിയോ പകർത്തിയ എംപിമാരെ ചട്ടലംഘനത്തിന് ഉപാധ്യക്ഷൻ ഹരിവൻഷ് താക്കീത് ചെയ്തു. തൃണമൂൽ കോണ്‍ഗ്രസിലെ ആറ് എംപിമാരെ തെരഞ്ഞുപിടിച്ചു സസ്പെൻഡ് ചെയ്തതു കീഴ്വഴക്കങ്ങളുടെയും പാർലമെന്ററി മര്യാദകളുടെയും ലംഘനമാണെന്നു ടിഎംസി ആരോപിച്ചു.