ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അടിയന്തരവാക്സിൻ: ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ്
Tuesday, September 21, 2021 12:46 AM IST
ന്യൂഡൽഹി: മൂലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും മുൻഗണന ക്രമത്തിൽ വാക്സിൻ നൽകണം എന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു.
ഡൽഹി ബാലാവകാശ കമ്മീഷന്റെ ഹർജിയിലാണ് ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ബി.വി. നഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി. കഴിഞ്ഞ ജനുവരിയിൽ കേന്ദ്ര സർക്കാർ ഇറക്കിയ കോവിഡ് വാക്സിൻ അവശ്യ സ്വീകർത്താക്കളുടെ പട്ടികയിൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഉൾപ്പെട്ടിട്ടില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു.
കോവിഡിൽനിന്ന് ഈ രണ്ടു വിഭാഗങ്ങളെ അടിയന്തരമായി സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന വിലയിരുത്തലുകൾ ഉണ്ടായിട്ടും ഇതു സംബന്ധിച്ച മാർഗനിർദേശം പുതുക്കാൻ തയാറായിട്ടില്ല. ഇത് മൗലീക അവകാശത്തിന്റെ ലംഘനമാണെന്നും പരാതിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസ് രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.
നേരത്തെ ഗർഭിണികൾക്കും മുലയൂട്ടുന്ന് അമ്മമാർക്കും വാക്സിൻ നൽകുന്നത് സംബന്ധിച്ച് കേന്ദ്രം ചില മാർഗനിർദേശങ്ങൾ ഇറക്കിയിരുന്നു. എന്നാൽ, ഇപ്പോൾ ഇവരിൽ പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സർക്കാർതന്നെ പറയുന്നു. ഈ രണ്ടു വിഭാഗങ്ങളിലും വാക്സിനേഷന്റെ ഫലങ്ങളെക്കുറിച്ചു തുടർച്ചയായ ഗവേഷണം ആവശ്യമാണെന്നും വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി.
ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും നിരീക്ഷണത്തിനായി പ്രത്യേക സംവിധാനം രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.