തടവിലായിരുന്ന പാക്കിസ്ഥാൻ ഭീകരൻ പൂഞ്ചിൽ കൊല്ലപ്പെട്ടു, മൂന്നു സൈനികർക്കു പരിക്ക്
Monday, October 25, 2021 12:52 AM IST
ജമ്മു: കാഷ്മീരിലെ പൂഞ്ചിൽ ഭീകരർ നടത്തിയ വെടിവയ്പിൽ, മുന്പ് അറസ്റ്റിലായിരുന്ന പാക് ഭീകരൻ കൊല്ലപ്പെട്ടു. ഭട്ടാ ദുരൈൻ വനമേഖലയിൽ ഇന്നലെ രാവിലെയായിരുന്നു ഏറ്റുമുട്ടൽ. പാക്കിസ്ഥാൻ പൗരനായ ലഷ്കർ ഭീകരൻ സിയാ മുസ്തഫയാണു കൊല്ലപ്പെട്ടത്. രണ്ടു പോലീസുകാർക്കും ഒരു കരസേനാ ജവാനും പരിക്കേറ്റു.
ഒക്ടോബർ 11, 14 തീയതികളിൽ സുരാൻകോട്ട്, മെൻധർ സെക്ടറുകളിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒന്പതു സൈനികർ വീരമൃത്യു വരിച്ചിരുന്നു. എന്നാൽ, നുഴഞ്ഞുകയറിയ ഭീകരരെ പിടികൂടാൻ സൈന്യത്തിനു കഴിഞ്ഞില്ല. ഭീകരരുടെ താവളങ്ങൾ അറിയാനായി, സിയാ മുസ്തഫയുമായി ഭട്ടാ ദുരൈൻ മേഖലയിലെത്തിയപ്പോൾ ഭീകരർ സൈനികർക്കു നേരേ വെടിവയ്പ് ആരംഭിച്ചു.
രണ്ടു പോലീസുകാർക്കും ഒരു സൈനികനും സിയാ മുസ്തഫയ്ക്കും പരിക്കേറ്റു.
കനത്ത വെടിവയ്പുമൂലം മിയ മുസ്തഫയെ കൊണ്ടുപോകാൻ സുരക്ഷാസേനയ്ക്കു കഴിഞ്ഞില്ല. കൂടുതൽ സൈനികർ പ്രദേശത്തെത്തി സിയാ മുസ്തഫയുടെ മൃതദേഹം ഏറ്റുമുട്ടൽ സ്ഥലത്തുനിന്നു കണ്ടെടുത്തു.
പാക് അധിനിവേശ കാഷ്മീരിലെ റാവാലകോട്ട് സ്വദേശിയാണു സിയാ മുസ്തഫ. കഴിഞ്ഞ 14 വർഷമായി കോട് ഭൽവാൽ ജയിലിലായിരുന്നു ഇയാൾ. പൂഞ്ചിൽ താവളമടിച്ച ഭീകരരെക്കുറിച്ച് അറിയാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിയാ മുസ്തഫയെ മെൻധറിൽ പോലീസ് റിമാൻഡിലേക്കു മാറ്റിയിരുന്നു. മുസ്തഫയും ഇതേ റൂട്ടിലൂടെയാണു നുഴഞ്ഞുകയറിയത്. തെക്കൻ കാഷ്മീരിൽനിന്നാണ് ഇയാൾ പിടിയിലായത്.
14-ാം ദിവസമാണു പൂഞ്ചിൽ ഏറ്റുമുട്ടൽ നടന്നത്. ഭീകരർക്കായുള്ള തെരച്ചിലിനു ഡ്രോണുകളും ഹെലികോപ്റ്ററും ഉപയോഗിക്കുന്നുണ്ട്. പാരാ കമാൻഡോകളും സുരക്ഷാസേനയെ സഹായിക്കാനുണ്ട്. ഭീകരർക്കു ഭക്ഷണവും പാർപ്പിടവും നല്കിയ പത്തു പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.