ബിബിൻ ദേവിനും ദേശീയ ചലച്ചിത്ര പുരസ്കാരം
Monday, October 25, 2021 1:28 AM IST
ന്യൂഡൽഹി: ശബ്ദമിശ്രണത്തിന് ദേശീയ പുരസ്കാരം നേടി ബിബിൻ ദേവ്. ബിബിൻ ദേവും റസൂൽ പൂക്കുട്ടിയും ചേർന്ന് ഒരുക്കിയ തമിഴ് ചിത്രം ഒത്ത സെരിപ്പ് സൈസ് 7 എന്ന ചിത്രത്തിലെ ശബ്ദ മിശ്രണത്തിനാണ് അവാർഡ്.
കഴിഞ്ഞ മാർച്ചിൽ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ സാങ്കേതിക പിഴവ് കാരണം ബിബിൻ ദേവിന്റെ പേര് പട്ടികയിൽ ഉണ്ടായിരുന്നില്ല. അവാർഡ് പ്രഖ്യാപനത്തിനുശേഷം റസൂൽ പൂക്കുട്ടി തനിക്കൊപ്പം ബിബിൻ ദേവിന്റെ പേരും പട്ടികയിൽ ഉണ്ടാകേണ്ടതായിരുന്നെന്ന് അറിയിച്ചു.
പുരസ്കാര പട്ടികയിൽ സംഭവിച്ച പിഴവ് ചിത്രത്തിന്റെ നിർമാതാവും സംവിധായകനുമായ ആർ. പാർഥിപന്റെ ശ്രദ്ധയിൽ പ്പെടുത്തിയതിനെത്തുടർന്ന് ചിത്രത്തിന്റെ നിർമാണ കന്പനിയിൽനിന്നു ഡൽഹി ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റിലേക്കു ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചു.
ഫിലിം ഫെസ്റ്റിവൽ ഡയറക്റ്ററേറ്റ് ഒൗദ്യോഗികമായി ക്ഷണിച്ചതോടെ ഡൽഹിയിലെത്തിയ ബിബിൻ ദേവ്, ഇന്ന് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന പുരസ്കാര വിതരണ ചടങ്ങിൽ അവാർഡ് സ്വീകരിക്കും. അങ്കമാലി സ്വദേശി ബിബിൻ ദേവ് യന്തിരൻ 2.0, ഒടിയൻ, മാമാങ്കം, മാസ്റ്റർപീസ്, കമ്മാരസംഭവം തുടങ്ങി നിരവധി ബിഗ്ബജറ്റ് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.