പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം; ജവാൻ അറസ്റ്റിൽ
Tuesday, October 26, 2021 1:20 AM IST
ഭുജ്: പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയ ബിഎസ്എഫ് ജവാനെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തു. കാഷ്മീരിലെ രജൗരി ജില്ലക്കാരനായ മുഹമ്മദ് സജ്ജാദ് ആണു പിടിയിലായത്.
ഇയാൾ വാട്സ്ആപ്പിലൂടെ സുപ്രധാന വിവരങ്ങൾ പാക്കിസ്ഥാനു കൈമാറിയിരുന്നുവെന്ന് എടിഎസ് അറിയിച്ചു.
2021 ജൂലൈയിലാണു സജ്ജാദിനെ ഭുജിലെ ബിഎസ്എഫ് 74-ാം ബറ്റാലിയനിൽ നിയമിച്ചത്. ബിഎസ്എഫ് ആസ്ഥാനത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
2012ലാണു സജ്ജാദ് ബിഎസ്എഫിൽ ചേർന്നത്. ചാരപ്രവർത്തനത്തിൽനിന്നു ലഭിച്ചിരുന്ന പണം സഹോദരൻ വാജിദിന്റെയും സഹപ്രവർത്തകൻ ഇക്ബാൽ റഷീദിന്റെയും അക്കൗണ്ടുകളിലാണ് സജ്ജാദ് നിക്ഷേപിച്ചിരുന്നത്.
2011 ഡിസംബർ ഒന്നു മതൽ 2012 ജനുവരി 16വരെ 46 ദിവസം സജ്ജാദ് പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നുവെന്ന് എടിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.