യുപിയിൽ എംഎൽഎ മുഖ്യമന്ത്രിയായിട്ട് 15 വർഷം!
Monday, January 24, 2022 1:32 AM IST
ലക്നോ: ഇന്ത്യയിൽ ഏറ്റവും അധികം എംഎൽഎമാരുള്ള നിയമസഭയാണ് യുപി. എന്നിട്ടും കഴിഞ്ഞ 15 വർഷത്തിനിടെ ഒരു എംഎൽഎയും യുപി മുഖ്യമന്ത്രിയായിട്ടില്ല! മായാവതി(2007-2012), അഖിലേഷ് യാദവ്(2012-2017), യോഗി ആദിത്യനാഥ്(2017-2022) എന്നീ യുപി മുഖ്യമന്ത്രിമാർ എംഎൽസിമാരായിരുന്നു. 1999-2000 കാലത്ത് യുപി മുഖ്യമന്ത്രിയായിരുന്ന രാംപ്രകാശ് ഗുപ്തയും എംഎൽസിയായിരുന്നു. മുലായം സിംഗ് യാദവ് ആണ് എംഎൽഎസ്ഥാനത്തുനിന്നു യുപി മുഖ്യമന്ത്രിയായ അവസാനത്തെയാൾ. യുപിയിൽ നിയമസഭയ്ക്കു പുറമേ ലെജിസ്ലേറ്റീവ് കൗൺസിലുമുണ്ട്.
എന്തായാലും ഇത്തവണ യുപിക്ക് ഒരു എംഎൽഎയെ മുഖ്യമന്ത്രിയായി ലഭിക്കുമെന്ന് ഉറപ്പാണ്. യുപിയിലെ പ്രധാന പോരാട്ടം ബിജെപി-സമാജ് വാദി പാർട്ടികൾ തമ്മിലാണ്. യോഗി ആദിത്യനാഥും അഖിലേഷ് യാദവും ഇത്തവണ നിയമസഭയിലേക്കു മത്സരിക്കുന്നുണ്ട്. ഇരുവരും നിയമസഭയിലേക്ക് ആദ്യമായാണു മത്സരിക്കുന്നത് എന്നതാണു സവിശേഷത. തന്റെ തട്ടകമായ ഗോരഖ്പുർ അർബൻ മണ്ഡലത്തിലാണ് ആദിത്യനാഥ് ജനവിധി തേടുന്നത്.
സമാജ് വാദി പാർട്ടിയുടെ നെടുങ്കോട്ടയായ മയിൻപുരിയിലെ കരാൾ മണ്ഡലത്തിലാണ് അഖിലേഷ് മത്സരിക്കുന്നത്. യോഗി ആദിത്യനാഥ്. ഗോരഖ്പുരിൽനിന്ന് അഞ്ചു തവണ ലോക്സഭാംഗമായിട്ടുണ്ട് അഖിലേഷ് യാദവ് നാലു തവണ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. നാലു തവണ യുപി മുഖ്യമന്ത്രിയായിട്ടുള്ള ബിഎസ്പി അധ്യക്ഷ മായാവതി ഇത്തവണ മത്സരരംഗത്തില്ല.