ജയരാജ് ചിത്രവും ‘റോക്കട്രി - ദ നന്പി ഇഫക്ടും’കാനിലേക്ക്
Friday, May 13, 2022 1:22 AM IST
ന്യൂഡൽഹി: ജയ്രാജ് സംവിധാനം ചെയ്ത ‘നിറയെ തത്തകളുള്ള മരം’ ഉൾപ്പെടെ അഞ്ച് ഭാഷാചിത്രങ്ങൾ കാൻ ചലച്ചിത്രമേളയിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
നിഖിൽ മാധവന്റെ മറാഠി ചിത്രം ഗോദാവരി, ആൽഫ ബീറ്റ ഗാമ (ഹിന്ദി), ബൂംബ റൈഡ് (ആസാം ഗോത്രഭാഷയായ മിഷിംഗ്), ദുൻ (ഹിന്ദി-മറാത്തി) എന്നിവയാണ് മറ്റു നാല് ചിത്രങ്ങളെന്ന് വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.
ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നന്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ആർ. മാധവൻ സംവിധാനം ചെയ്ത റോക്കട്രി - ദ നന്പി ഇഫക്ടിന്റെ വേൾഡ് പ്രീമിയറും കാനിൽ നടക്കും. മാധവൻ തന്നെയാണ് നന്പി നാരായണനായി അഭിനയിക്കുന്നത്. ജൂലൈ ഒന്നിനു ലോകമെന്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണു കാനിലെ പ്രദർശനം.