മണിച്ചന്റെ മോചനം പരിഗണനയിൽ: കൂടുതൽ സമയം അനുവദിക്കാതെ സുപ്രീംകോടതി
Saturday, May 14, 2022 1:17 AM IST
ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രധാന പ്രതി മണിച്ചന്റെ വിടുതൽഹർജി വേനലവധിക്കുശേഷം പരിഗണിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
നാലുമാസം സമയം നൽകിയിട്ടും ജയിൽ ഉപദേശകസമിതി എന്തുകൊണ്ടു തീരുമാനം എടുത്തില്ലെന്നു കോടതി ചോദിച്ചു. ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കിൽ കോടതിക്കു തീരുമാനം എടുക്കേണ്ടി വരും.
സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ ജാമ്യം നൽകുമെന്നും കോടതി വാക്കാൽ പറഞ്ഞു. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കും. 19ന് മുഴുവൻ ഫയലുകളും ഹാജരാക്കാൻ ജയിൽ ഉപദേശകസമിതിക്ക് കോടതി നിർദേശം നൽകി. സർക്കാർ കൊണ്ടുവന്ന മുദ്രവച്ച കവർ സ്വീകരിക്കാൻ ഇന്നും ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് തയാറായില്ല.