ഗോതന്പ് നിരോധനം കർഷകരെ ബാധിക്കും
Monday, May 16, 2022 2:09 AM IST
ന്യൂഡൽഹി: ഗോതന്പ് കയറ്റുമതി നിരോധിച്ച കേന്ദ്രസർക്കാരിന്റെ നീക്കം കർഷകരെ പ്രതികൂലമായി ബാധിക്കും. മധ്യപ്രദേശിൽ കർഷകർ അവരുടെ വിളവിന്റെ നാല്പത് ശതമാനം മാത്രമാണു വിറ്റത്. പ്രാദേശിക വ്യാപാരികളുടെ പക്കലും വൻതോതിൽ സ്റ്റോക്കുണ്ട്.
കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതോടെ കർഷകർക്കു ലഭിക്കുന്ന വിലയിൽ കുറവ് വരും. പ്രാദേശിക വ്യാപാരികളുടെ കൈയിൽനിന്നു ഗോതന്പ് വാങ്ങി കയറ്റുമതി ചെയ്യുന്നവരും മില്ലുകളും പണം കൃത്യമായി നൽകുന്നില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. ഇതേത്തുടർന്ന് ചൊവ്വാഴ്ച മുതൽ സമരം നടത്താൻ വ്യാപാരികൾ ആലോചിച്ചിരുന്നു. ഇതിനിടെയാണു കേന്ദ്രസർക്കാർ ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഗോതന്പ് കയറ്റുമതി നിരോധിച്ചത്.