രാഷ്ട്രപതിതെരഞ്ഞെടുപ്പിനില്ലെന്ന് ഫാറൂഖ് അബ്ദുള്ള
സ്വന്തം ലേഖകൻ
Sunday, June 19, 2022 12:37 AM IST
ന്യൂഡൽഹി: രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ പ്രതിപക്ഷസ്ഥാനാർഥിയാകാനില്ലെന്ന് നാഷണൽ കോണ്‍ഫറൻസ് നേതാവും മുൻ ജമ്മു കാഷ്മീർ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. സ്ഥാനാർഥിനിർണയത്തിനായി പ്രതിപക്ഷ കക്ഷികളുടെ യോഗം 21ന് ഡൽഹിയിൽ ചേരാനിരിക്കെയാണ് ഫാറൂഖ് അബ്ദുള്ള ഇക്കാര്യം വ്യക്തമാക്കിയത്. പതിനേഴു പ്രതിപക്ഷ കക്ഷികളാണു യോഗം ചേരുന്നത്.
സ്ഥാനാർഥി നിർണയത്തിനായി കഴിഞ്ഞദിവസം ഡൽഹിയിൽ ചേർന്ന യോഗത്തിൽ എൻസിപി നേതാവ് ശരദ് പവാറിന്റെ പേരാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുന്നോട്ടുവച്ചത്. എന്നാൽ, മത്സരിക്കാനില്ലെന്ന് പവാർ വ്യക്തമാക്കി. അതോടെ ഫാറൂഖ് അബ്ദുള്ള, ഗാന്ധിജിയുടെ ചെറുമകൻ ഗോപാൽ കൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളാണ് മമത മുന്നോട്ടു വച്ചത്. ഒരു പേരിനെ ചുറ്റിപ്പറ്റി മാത്രം ചർച്ച വേണ്ടെന്നാണ് ഫാറൂഖ് അബ്ദുള്ളയുടെ മകനും നാഷണൽ കോണ്‍ഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള പറഞ്ഞത്. ഗോപാൽ കൃഷ്ണ ഗാന്ധിയുടെ കാര്യത്തിൽ സിപിഎമ്മും സിപിഐയും അനുകൂലമാണ്.
രാഷ്ട്രപതിസ്ഥാനാർഥിയെ തീരുമാനിക്കാനുള്ള യോഗം മമത ബാനർജി മുൻകൈയെടുത്തു വിളിച്ചുചേർത്തതിൽ ചില കക്ഷികൾ കഴിഞ്ഞ തവണ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. മമത വിളിച്ചുചേർത്ത യോഗത്തിൽനിന്ന് ടിആർഎസും ആം ആദ്മി പാർട്ടിയും വിട്ടുനിന്നു. 21നു നടക്കുന്ന യോഗത്തിലേക്കും ഈ രണ്ടു കക്ഷികളെയും ക്ഷണിച്ചിട്ടുണ്ട്.