ഭരണഘടനാ ദിനത്തിൽ പ്രധാനമന്ത്രി; "ഭരണഘടന പുരോഗമന ആശയങ്ങൾക്കു കീർത്തികേട്ടത്'
Sunday, November 27, 2022 12:21 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ ഭരണഘടന അതിന്റെ പുരോഗമനാശയങ്ങൾക്ക് കീർത്തികേട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സുപ്രീം കോടതിയിൽ നടന്ന ഭരണഘടനാ ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി ദി പീപ്പിൾ എന്നത് കേവലം മൂന്നു വാക്കുകൾ മാത്രമല്ല, നമ്മുടെ ഭരണഘടനയുടെ സത്തയും ജനാധിപത്യത്തിന്റെ നിർവചനവുമാണ്. നമ്മെ ലോകത്തെ എല്ലാ ജനാധിപത്യങ്ങളുടെയും മാതാവായി മാറ്റുന്നത് അതാണെന്നും മോദി ചൂണ്ടിക്കാട്ടി.
വ്യക്തിയായാലും സ്ഥാപനമായാലും ചുമതലകൾക്കായിരിക്കണം പ്രഥമ പരിഗണന. നമ്മുടെ രാജ്യത്തെ അതിവേഗം മുന്നോട്ടു നയിക്കാനും അതിനെ വിശ്വനേതാവാക്കാനുമുള്ള പ്രവർത്തനങ്ങൾക്കായി പ്രതിജ്ഞയെടുക്കേണ്ട കാലമാണ് ആസാദി കാ അമൃത്കാൽ. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ ജി 20യുടെ അധ്യക്ഷപദത്തിലെത്തും. പാവപ്പെട്ടവരെ പിന്താങ്ങുന്ന നയങ്ങൾ ഇന്ത്യയിലെ ദരിദ്രരെയും സ്ത്രീകളെയും ശാക്തീകരിക്കാൻ സഹായിക്കുന്നുവെന്നും മോദി പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞവരെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഇ-കോർട്ട് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പുതിയ സംരംഭങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.