പ്രവീൺ വധക്കേസ് പ്രതിയുടെ മോചനം: സർക്കാരിനു നോട്ടീസയച്ചു
Tuesday, November 29, 2022 12:57 AM IST
ന്യൂഡൽഹി: പ്രവീണ്‍ വധക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന മുൻ ഡിവൈഎസ്പി ആർ. ഷാജി ജയിൽമോചനം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ ജസ്റ്റീസ് എ. എസ്. ബൊപ്പണ്ണ,
എസ്. രവീന്ദ്രഭട്ട് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് സംസ്ഥാനത്തിന് അടിയന്തര നോട്ടീസ് അയച്ചു. സർക്കാരിന് സ്റ്റാൻഡിംഗ് കോണ്‍സൽ വഴി നോട്ടീസ് നൽകാനാണു കോടതി നിർദ്ദേശം. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
പതിനേഴുവർഷമായി താൻ ജയിലാണെന്നും ജയിൽമോചനം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഷാജി സുപ്രീംകോടതിയെ സമീപിച്ചത്.
ജയിലിലെ നല്ലനടപ്പും പെരുമാറ്റവും കണക്കിലെടുത്തു കഴിഞ്ഞതവണ ജയിൽമോചനത്തിനായുള്ള ശിപാർശ പട്ടികയിൽ ഷാജിയും ഉൾപ്പെട്ടിരുന്നു. ഷാജി പുറത്തിറങ്ങിയാൽ തനിക്കും ഷാജിയുടെ രണ്ടാം ഭാര്യയായ തന്റെ അമ്മയ്ക്കും സുരക്ഷാപ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ടാം ഭാര്യയിലെ മകൻ സർക്കാരിനു പരാതി നൽകി. ഇതേ തുടർന്നാണു വിട്ടയയ്ക്കൽ പട്ടികയിൽനിന്ന് സർക്കാർ ഷാജിയുടെ പേരു നീക്കം ചെയ്തത്.
2005 ഫെബ്രുവരി 15-ന് പള്ളുരുത്തി സ്വദേശിയായ പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് മുൻ ഡിവൈഎസ്പി ആർ. ഷാജിക്ക് ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.