മോർബി ദുരന്തം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
Saturday, February 4, 2023 11:35 PM IST
മോർബി: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് 135 പേർ മരണമടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടുള്ള കേസിലെ ഏഴുപ്രതികളുടെ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളി.
തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണിയുടെയും നടത്തിപ്പിന്റെയും ചുമതല ഏറ്റെടുത്തിരുന്ന ഒറേവ ഗ്രൂപ്പിന്റെ രണ്ട് മാനേജർമാരുൾപ്പെടെ പ്രതികളുടെ അപേക്ഷയാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.സി. ജോഷി നിരസിച്ചത്.
അറ്റകുറ്റപ്പണി പൂർത്തിയായി ഏതാനുംദിവസങ്ങൾക്കുശേഷമാണ് പാലം തകർന്നത്. 2022 ഒക്ടോബർ 30 നായിരുന്നു അപകടം. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് ഒറേവ ഗ്രൂപ്പ് എംഡി ജയ്സുഖ് പട്ടേൽ കഴിഞ്ഞദിവസം കോടതിയിൽ ഹാജരായിരുന്നു. ഇതിനുപിന്നാലെ പോലീസ് ഇയാളെ അറസ്റ്റ്ചെയ്തു.