രാജ്യവ്യാപക കർഷക റാലി പ്രഖ്യാപിച്ച് സംഘടനകൾ
Tuesday, March 21, 2023 1:47 AM IST
ന്യൂഡൽഹി: കാർഷികോത്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉൾപ്പെടെ കർഷക സമരം അവസാനിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ വാഗ്ദാനങ്ങളിൽ ഒന്നു പോലും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷക സംഘടനകൾ.
ഡൽഹിയിലെ രാംലീല മൈതാനിയിൽ ഇന്നലെ ചേർന്ന മഹാ പഞ്ചായത്തിലാണ് കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരേ കർഷകർ രാജ്യവ്യാപക കർഷക റാലി പ്രഖ്യാപിച്ചത്.
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ മുതൽ ഒരോ സംസ്ഥാനങ്ങളിലും പ്രക്ഷോഭം നടത്തുമെന്നാണ് കർഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞത്. കർഷക സമരം അവസാനിച്ച സാഹചര്യത്തിൽ കർഷകർ മുന്നോട്ടുവച്ച എട്ടിന ആവശ്യങ്ങളിൽ ഒന്നുപോലും മോദി സർക്കാർ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കർഷകർ വീണ്ടും സമരത്തിനിറങ്ങുന്നത്.
താങ്ങു വില, വിവാദ കർഷക നിയമങ്ങൾക്കെതിരേ സമരം ചെയ്ത കർഷകർക്കെതിരായ കേസുകൾ പിൻവലിക്കൽ, വൈദ്യുതി നിയമ ഭേദഗതി ബില്ല് പിൻവലിക്കൽ, കർഷക സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്കുള്ള ധന സഹായം, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ടുവയ്ക്കുന്നത്.
ഡൽഹി പോലീസിന്റെ അർധസൈനിക വിഭാഗത്തിന്റെ 25 യൂണിറ്റുകളെയാണ് രാംലീല മൈതാനിക്കു ചുറ്റും ഇന്നലെ വിന്യസിച്ചത്.