കോവിഡ് കാലത്തു പരോളിൽ പോയവർ കീഴടങ്ങണം: സുപ്രീംകോടതി
Saturday, March 25, 2023 1:04 AM IST
ന്യൂഡൽഹി: കോവിഡ് കാലത്തു പരോളിൽ പോയ എല്ലാ തടവുപുള്ളികളും 15 ദിവസത്തിനുള്ളിൽ അതത് ജയിലുകളിൽ തിരിച്ചെത്തണമെന്ന് സുപ്രീംകോടതി.
വിചാരണ തടവുകാരെയും ശിക്ഷാതടവുകാരെയും ഉന്നതാധികാര സമിതിയുടെ ശിപാർശയനുസരിച്ചാണു പരോളിൽ വിടാൻ കോവിഡ് കാലത്ത് സുപ്രീംകോടതി അനുമതി നൽകിയത്. ഇവരെല്ലാവരുംതന്നെ 15 ദിവസത്തിനുള്ളിൽ അതത് ജയിലുകളിൽ കീഴടങ്ങണമെന്നാണ് ജസ്റ്റീസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചത്.
തിരികെ ജയിലിൽ എത്തുന്ന വിചാരണ തടവുകാർക്ക് ജാമ്യത്തിന് അപേക്ഷിക്കാം. നിയമം അനുശാസിക്കുന്ന മുറയ്ക്ക് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. കോവിഡ് കാലത്തു അനുവദിച്ച പരോൾ കാലാവധി തടവുകാരുടെ യഥാർഥ ശിക്ഷാകാലാവധിയിൽ ഉൾക്കൊള്ളിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.