ഒരു മാസം പിന്നിട്ട് ഗുസ്തി താരങ്ങളുടെ സമരം
Monday, May 22, 2023 12:42 AM IST
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൻ ശരൻ സിംഗിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ആരംഭിച്ച പ്രതിഷേധ സമരം ഒരു മാസം പൂർത്തിയായി.
സമരത്തിന് പിന്തുണ ഉറപ്പിച്ചും പ്രതിഷേധത്തിന്റെ ഭാവി തീരുമാനിക്കാനും ഇന്നലെ ഹരിയാനയിലെ റൊഹ്തക്കിൽ ഖാപ്പ് പഞ്ചായത്ത് ചേർന്നിരുന്നു. അതിനിടെ ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റു സംസ്ഥാനങ്ങളിൽനിന്ന് വലിയ തോതിൽ കർഷകർ ഡൽഹിയിലേക്ക് എത്തുമെന്ന കണക്കുകൂട്ടലിൽ ഡൽഹി പോലീസ് സംസ്ഥാന അതിർത്തികളിൽ കനത്ത സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഭാരതീയ കിസാൻ യൂണിയൻ, വിവിധ പഞ്ചായത്തുകൾ, എന്നിങ്ങനെ വിവിധ സംഘടനകളിലും സംഘങ്ങളിലും ഉള്ളവർ ഇന്ന് ജന്തർ മന്ദറിൽ സമരത്തിന് പിന്തുണയുമായി എത്തി.
പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ വനിതാ പഞ്ചായത്ത് നടത്തും
പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ മേയ് 28നു വനിതാ പഞ്ചായത്ത് നടത്തുമെന്നു ഖാപ് പഞ്ചായത്ത് പ്രഖ്യാപിച്ചു. അന്നേദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്.