പ്രതിപക്ഷ ഐക്യത്തിനു കൂടിയാലോചനകൾ തുടരുന്നു
Tuesday, May 23, 2023 12:17 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടുന്നതിനുള്ള പ്രതിപക്ഷ ഏകോപനം ലക്ഷ്യമിട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും ഡൽഹിയിൽ. ഇന്നലെ രാവിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നിതീഷ് കൂടിക്കാഴ്ച നടത്തി.
രാജാജി മാർഗിലുള്ള ഖാർഗെയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പ്രതിപക്ഷ ഏകോപനത്തിനുള്ള രൂപരേഖ തയാറാക്കുന്നതിനൊപ്പം പാറ്റ്നയിൽ പ്രതിപക്ഷനേതാക്കൾ ഒത്തുകൂടുന്നതിനെക്കുറിച്ചും ആലോചനകൾ നടന്നു.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ജനതാദൾ (യു) അധ്യക്ഷൻ ലാലൻ സിംഗ് എന്നിവരും കൂടിയാലോചനകളിൽ പങ്കെടുത്തു. ഞായറാഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ നിതീഷ് കണ്ടിരുന്നു. ഡൽഹി അഡ്മിനിസ്ട്രേറ്റീവ് ഓർഡിനൻസ് പ്രശ്നത്തിൽ കേജരിവാളിനു സന്പൂർണപിന്തുണ നിതീഷ് വാഗ്ദാനം ചെയ്തു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാചടങ്ങിൽ നിരവധി പ്രതിപക്ഷനേതാക്കളുമായി നിതീഷ് ആശയവിനിമയം നടത്തിയിരുന്നു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നാഷണലിസ്റ്റ് കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള എന്നിവരുമായി അനൗപചാരികചർച്ചകളാണ് നടന്നത്.