കർണാടകയിൽ പുതിയ 24 മന്ത്രിമാർകൂടി
Sunday, May 28, 2023 3:00 AM IST
ബംഗളുരു: കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലേക്ക് 24 അംഗങ്ങൾക്കൂടി. ഇന്നലെ സത്യപ്രതിജ്ഞ ചെയ്തവരിൽ നിയമസഭാംഗമല്ലാത്ത എൻ.എസ്. ബോസ്രാജു ഉൾപ്പെടെ ഒന്പതുപേർ പുതുമുഖങ്ങളാണ്.
രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ എച്ച്.കെ. പാട്ടീൽ, കൃഷ്ണഭൈര ഗൗഡ, എൻ.ചെലുവാരായ സ്വാമി, കെ.വെങ്കിടേഷ്, എച്ച്.സി. മഹാദേവപ്പ, കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുകൂടിയായ ഈശ്വർ ഖൺഡ്രെ, കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, ക്യാതസാന്ദ്ര എൻ. രാജണ്ണ, ശരണബസപ്പ ദർശനാപുർ, ശിവാനന്ദ് പാട്ടീൽ, രാമപ്പ ബാലപ്പ തിമ്മാപുർ, എസ്.എസ്. മല്ലികാർജുൻ, ശിവരാജ് സംഗപ്പ തങ്കഡാകി, ശരണപ്രകാശ് രുദ്രപ്പ പാട്ടീൽ, മംഗൽ വൈദ്യ, ലക്ഷ്മി ഹെബ്ബാൽക്കർ, റഹീം ഖാൻ, ഡി.സുധാകർ, സന്തോഷ് ലാഡ്, എസ്.എസ്. ബോസ് രാജു, ബി.എസ്. സുരേഷ്, മധു ബംഗാരപ്പ, എം.സി. സുധാകർ, ബി. നാഗേന്ദ്ര എന്നിവർക്കു ഗവർണർ തൻവർചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമുൾപ്പെടെ പത്ത് അംഗങ്ങൾ 20 ന് അധികാരമേറ്റിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ബാക്കിയുള്ള ഒഴിവുകളും നികത്താനായതിന്റെ ആശ്വാസത്തിലാണ് സിദ്ധരാമയ്യയും കോൺഗ്രസ് നേതൃത്വവും. മുൻ എംഎൽഎ ബോസ് രാജുവിനെ ഹൈക്കമാൻഡ് നിർദേശപ്രകാരം മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയായിരുന്നു.
ലിംഗായത്ത് വിഭാഗത്തിൽനിന്ന് ആറുപേരും വൊക്കലിഗ വിഭാഗത്തിൽനിന്ന് നാലുപേരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തവരിലുണ്ട്. ഇതോടെ മന്ത്രിസഭയിലെ എട്ടുപേർ ലിംഗായത്ത് വിഭാഗത്തിൽനിന്നുള്ളവരായി. ലിംഗായത്തിലെ ഉപജാതികളിൽനിന്നുള്ളവരെയും ഉൾപ്പെടുത്താൻ മുഖ്യമന്ത്രിയും സംഘവും ശ്രമിച്ചു. ഉപമുഖ്യമന്ത്രി ഉൾപ്പെടെ അഞ്ച് വൊക്കലിഗ വിഭാഗക്കാരും മന്ത്രിസഭയിലുണ്ട്. പട്ടികജാതി വിഭാഗങ്ങളിൽനിന്ന് എട്ടുപേരും മന്ത്രിസഭയിലെത്തി.
നാലുതവണ എംഎൽഎയും മുൻ കോൺഗ്രസ് മന്ത്രിസഭയിൽ അംഗവുമായിരുന്ന എം.കൃഷ്ണപ്പ ഉൾപ്പെടെ ചിലരെ തഴഞ്ഞതായി പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് അനുയായികൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിഷേധം അറിയിച്ചു. കനത്ത സുരക്ഷ ഒരുക്കിയിരുന്നുവെങ്കിലും പ്ലക്കാർഡുകളും മറ്റുമായി പ്രതിഷേധമൊരുക്കുകയായിരുന്നു.
പുതിയ മന്ത്രിമാരിൽ ലക്ഷ്മി ഹെബ്ബാൽക്കർ, മധു ബംഗാരപ്പ, ഡി.സുധാകർ, ചെലുവാരായ സ്വാമി, മംഗൽ വൈദ്യ, എം.സി. സുധാകർ എന്നിവർ ഡി.കെ. ശിവകുമാറുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ്.
മന്ത്രിസഭാവികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉൾപ്പെടെ മൂന്നുദിവസമായി ഡൽഹിയിൽ മാരത്തൺ ചർച്ചകളിലായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രൺദീപ് സുർജേവാല എന്നിവരും പങ്കെടുത്തു.
അഭിപ്രായ വ്യത്യാസങ്ങളുയർന്നുവെങ്കിലും ചർച്ചകളിലൂടെ പരിഹരിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. അന്തിമപട്ടിക എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പരിശോധിച്ച് അനുമതി നൽകുകയായിരുന്നു.