മണിപ്പുർ: ദേശീയപാതയിലെ തടസം ഒഴിവാക്കാൻ എല്ലാവരും സഹായിക്കണമെന്ന് അമിത്ഷാ
Monday, June 5, 2023 12:31 AM IST
ഇംഫാൽ: കലാപത്തെത്തുടർന്ന് തടസപ്പെട്ട ഇംഫാൽ-ദിമാപുർ ദേശീയപാതയിലെ ഗതാഗതം പൂർവസ്ഥിതിയിലാക്കാൻ ഇരുവിഭാഗങ്ങളോടും അഭ്യർഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കലാപത്തെത്തുടർന്ന് ദേശീയപാതയിലെ ഉപരോധം മൂലം ട്രക്കുകൾ എത്താതായതോടെ ഇന്ധനത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടേയുമൊക്കെ വില ഇരട്ടിയായിരിക്കുകയാണ്.
ഇതോടെ ജനങ്ങൾ വലിയ ദുരിതത്തിലായ അവസ്ഥയിലാണ് മന്ത്രിയുടെ അഭ്യർഥന. റോഡിലെ തടസം ഒഴിവാക്കുന്നതിന് ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കുന്നതിന് സംസ്ഥാനത്തെ സാമൂഹ്യ-സാംസ്കാരിക സംഘടനകൾ രംഗത്തിറങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എല്ലാവരും സഹകരിച്ചെങ്കിൽ മാത്രമേ സംസ്ഥാനത്ത് സാധാരണനില പുനഃസ്ഥാപിക്കാനാകൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു മാസമായി തുടരുന്ന കലാപത്തെത്തുടർന്ന് സ്വാധീനകേന്ദ്രങ്ങളിൽ മെയ്തെയ് വിഭാഗക്കാരും കുക്കി വിഭാഗക്കാരും ദേശീയപാത തടസപ്പെടുത്തിയിരിക്കുകയാണ്.
സായുധസംഘങ്ങളുടെ പരിശോധന കാരണം പലയിടത്തും ട്രക്കുകളും മറ്റും കുടുങ്ങിക്കിടക്കുന്നുമുണ്ട്. അതേസമയം, കോൺഗ്രസ് എംഎൽഎയും മുൻമന്ത്രിയുമായ കെ. രഞ്ജിതിന്റെ കാക്ചിംഗ് ജില്ലയിലെ സെറോവിലുള്ള വീട് ഒരുസംഘം കഴിഞ്ഞദിവസം രാത്രിയിൽ അഗ്നിക്കിരയാക്കി. കുക്കി തീവ്രവാദികളാണു സംഭവത്തിനു പിന്നിലെന്നും ഇവർക്കായി വ്യാപക തെരച്ചിൽ നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.