മണിപ്പുരിൽ ജനജീവിതം ദുരിതമയം
Monday, June 5, 2023 12:31 AM IST
ഇംഫാൽ: ഇരു വിഭാഗങ്ങൾ തമ്മിലുള്ള കലാപം തുടങ്ങിയിട്ട് ഒരു മാസം പിന്നിടുന്പോഴും മണിപ്പുരിലെ ജനത അനുഭവിക്കുന്നത് കൊടിയ ദുരിതം. കലാപം നിയന്ത്രിക്കാനായി ഇംഫാൽ-ദിമാപുർ ദേശീയപാത അടച്ചിട്ടിരിക്കുന്നതുമൂലം മിക്ക പെട്രോൾ പന്പുകളിലും ഇന്ധനം സ്റ്റോക്കില്ല.
ഉള്ളിടത്താകട്ടെ പെട്രോൾ വില ലിറ്ററിന് 200 രൂപ വരെയായി. മരുന്നുകടകളിൽ അവശ്യമരുന്നുകളൊന്നും ലഭ്യമല്ല. എടിഎമ്മുകളെല്ലാംതന്നെ കാലിയാണ്. നിത്യോപയോഗ സാധനങ്ങൾക്കും തീവിലയാണ്. കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന അരിക്ക് ഇപ്പോൾ 60 രൂപയാണു വില. പച്ചക്കറികളുടെയും പയർവർഗങ്ങളുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലയും ഇരട്ടിയായി. ദേശീയപാത അടച്ചതുമൂലം ഇംഫാൽ താഴ്വര ഒറ്റപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞമാസം മൂന്നിനാണ് ഭൂരിപക്ഷ മെയ്തെയ് വിഭാഗവും ന്യൂനപക്ഷ കുക്കി വിഭാഗവും തമ്മിൽ കലാപമാരംഭിച്ചത്. കലാപത്തിൽ 98 പേർ കൊല്ലപ്പെടുകയും 310 പേർക്കു പരിക്കേൽക്കുകയും ചെയ്തെന്നാണ് ഔദ്യോഗികഭാഷ്യം. വീടുകൾ നഷ്ടപ്പെട്ട ഇരുവിഭാഗങ്ങളിലെയും നൂറുകണക്കിനു പേരാണ് ദുരിതാശ്വാസക്യാന്പുകളിൽ കഴിയുന്നത്. മണിപ്പുരിലെ വിവിധ ദുരിതാശ്വാസക്യാന്പുകളിൽ കഴിയുന്നതിനു പുറമെ ഡൽഹി, ദിമാപുർ, ഗോഹട്ടി തുടങ്ങിയ നഗരങ്ങളിലേക്ക് ജീവനുംകൊണ്ട് രക്ഷപ്പെട്ടോടിയവരും നിരവധിയാണ്. ഇന്റർനെറ്റ് ബന്ധം ഇനിയും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലാത്തതിനാൽ പുറംലോകത്തുനിന്ന് തികച്ചും ഒറ്റപ്പെട്ടു കഴിയുകയാണ് ജനം.
ബാങ്കുകളും വ്യാപാരസ്ഥാപനങ്ങളുമെല്ലാം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇന്റർനെറ്റ് ബന്ധമില്ലാത്തതിനാൽ ഓൺലൈനായി കോഴ്സുകളിലേക്ക് അപേക്ഷ നൽകാനും ഫീസടയ്ക്കാനുമൊന്നും സാധിക്കാത്തതിനാൽ വിദ്യാർഥികൾ ആശങ്കയിലാണ്.
മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ ദുരിതാശ്വാസക്യാന്പുകളിൽ കഴിയുന്ന രോഗികൾ അവശനിലയിലാണ്. പല ക്യാന്പുകളിലും അധികൃതരാരും തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയുമുണ്ട്.
അടിയന്തരമായി ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിക്കുകയും ദേശീയപാത തുറക്കുകയും ചെയ്യണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ടെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരു നടപടിയും സ്വീകരിക്കുന്നില്ല.