ക്രെഡിറ്റെടുക്കാൻ കോണ്ഗ്രസ് ശ്രമിക്കുന്നു: സ്മൃതി ഇറാനി
Thursday, September 21, 2023 12:30 AM IST
ന്യൂഡൽഹി: വിജയങ്ങൾക്കു പല പിതാക്കന്മാരുണ്ടാകുമെന്നും തോൽക്കുന്പോൾ ഏറ്റെടുക്കാൻ ആരുമുണ്ടാകില്ലെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് ഇപ്പോൾ എല്ലാവരും ഏറ്റെടുക്കുകയാണെന്ന് സോണിയാ ഗാന്ധിയുടെ പേര് പരാമർശിക്കാതെ സ്മൃതി ഇന്നലെ ലോക്സഭയിലെ വനിതാ സംവരണ ബില്ലിന്റെ ചർച്ചയിൽ പരിഹസിച്ചു.
ബിൽ വന്നപ്പോൾ അതിനെ നമ്മുടെ ബിൽ എന്നു ചിലർ വിളിക്കുന്നു. ചിലർ കത്തെഴുതിയതായി പറഞ്ഞു. ഭരണഘടനാ ചട്ടക്കൂട് മുഴുവൻ തങ്ങളാണു സ്ഥാപിച്ചതെന്ന് ചിലർ പറഞ്ഞു. ബഹുമാന്യയായ ഒരു വനിതാ നേതാവ് ലോക്സഭയിൽ പ്രസംഗിച്ചു. രണ്ടു കാര്യങ്ങൾ വ്യക്തമാക്കിയതിന് അവരോടു നന്ദി പറയാൻ ആഗ്രഹിക്കുന്നു.
ഭരണഘടനയുടെ 73, 74 ഭേദഗതികൾക്ക് ഒരു പ്രത്യേക കുടുംബത്തിനാണു ക്രെഡിറ്റ് എന്ന് എപ്പോഴും പറയാറുണ്ട്. എന്നാൽ പി.വി. നരസിംഹ റാവുവാണ് ഈ ജോലി ചെയ്തതെന്ന് അവർ ഇന്നലെ പാർലമെന്റിൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ മൃതദേഹം പാർട്ടി ആസ്ഥാനത്ത് കൊണ്ടുപോകാൻ അനുവദിച്ചില്ല- സ്മൃതി ഇറാനി പറഞ്ഞു.
ന്യൂനപക്ഷ സ്ത്രീകൾക്കുകൂടി സംവരണം വേണമെന്ന സമാജ്വാദി പാർട്ടി എംപി ഡിംപിൾ യാദവിന്റെ ആവശ്യത്തെയും വനിതാ ശിശുക്ഷമ മന്ത്രി പരിഹസിച്ചു. ഭരണഘടന പ്രകാരം മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം പാടില്ലെന്ന് അറിയില്ലേയെന്നായിരുന്നു സ്മൃതിയുടെ ചോദ്യം.
വനിതാ സംവരണമല്ല, അതിന്റെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് നിഷികാന്ത് ദുബെയും ആരോപിച്ചു.