ആയുധക്കടത്ത്: ഭീകരനും എട്ടു കൂട്ടാളികളും അറസ്റ്റിൽ
Wednesday, September 27, 2023 6:18 AM IST
ശ്രീനഗർ: പാക്കിസ്ഥാനിൽനിന്ന് അതിർത്തിവഴി ആയുധക്കടത്ത് നടത്തിയ രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ടു പേർ അറസ്റ്റിൽ. ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേന വെവ്വേറെ സൈനികനീക്കങ്ങളിലാണ് ആയുധങ്ങളും വെടിമരുന്നും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
പർവൈസ് അഹമ്മദ്, മുദാസിർ അഹമ്മദ് റാഥർ, ഷൗകത്ത് അഹമ്മദ് മാലിക് എന്നിവരും നിജീന, അയാത്ത് എന്ന അഫ്രീന എന്നീ സ്ത്രീകളുമാണ് അറസ്റ്റിലായത്. പിടിയിലാവരിൽനിന്ന് തോക്കുകളും വെടിയുണ്ടകളും ഗ്രനേഡുകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
ഇവർ യുവാക്കളെ ഭീകരസംഘടനയിലേക്കു റിക്രൂട്ട് ചെയ്യാനും ബാരാമുള്ളയിലും സമീപപ്രദേശങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനും പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായതായി എസ്എസ്പി അമോദ് നാഗ്പുരെ വ്യക്തമാക്കി.