രമേശ് ബിധുരിയുടെ പരാമർശങ്ങൾ: പ്രിവിലേജ് കമ്മിറ്റിക്കു വിട്ടു
Friday, September 29, 2023 3:07 AM IST
ന്യൂഡൽഹി: ലോക്സഭയിലെ ബിജെപി എംപി രമേശ് ബിധുരിയുടെ വിവാദ പരാമർശങ്ങൾ പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ട് ലോക്സഭാ സ്പീക്കർ ഓം ബിർള.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലെ ടോംക് മണ്ഡലത്തിൽ ബിജെപിയുടെ പ്രചാരണ ചുമതല ബിധുരിക്കു നൽകിയ പാർട്ടി നടപടിക്ക് തൊട്ടുപിന്നാലെയാണ് സ്പീക്കറുടെ തീരുമാനം.
ലോക്സഭയിലെ രമേശ് ബിധുരിയുടെ പരാമർശങ്ങളെ അപലപിച്ച് സ്പീക്കർക്ക് കത്തെഴുതിയ ബിജെപി എംപി നിഷികാന്ത് ദുബെ സംഭവം പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ട സ്പീക്കറുടെ നടപടിയെ അഭിനന്ദിച്ചു.
വിദ്വേഷം പ്രചരിപ്പിച്ചതിന് ബിധുരിക്ക് ബിജെപി നൽകിയ പാരിതോഷികമാണ് നടപടിയെന്നാണു പ്രതിപക്ഷം ആരോപിച്ചത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ വിജയവുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരേ ബിജെപി എംപി രമേശ് ബിധുരി വിവാദ പരാമർശങ്ങൾ നടത്തിയത്.