കൂട്ടുകക്ഷി, ന്യൂനപക്ഷ സർക്കാരുകൾ അധികാരത്തിൽ വന്നാലും അവിശ്വാസത്തിലൂടെ സർക്കാർ രാജിവച്ചാലും എന്തു നടപടി സ്വീകരിക്കണമെന്നതു സംബന്ധിച്ചും സമിതി ശിപാർശ നൽകും.
കഴിഞ്ഞ 18ന് അഞ്ചുദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചപ്പോൾ ഈ വിഷയം ചർച്ചചെയ്യുമെന്ന് പ്രതിപക്ഷ പാർട്ടികൾ കരുതിയെങ്കിലും വനിതാ സംവരണ ബിൽ പാസാക്കുകയാണു ചെയ്തത്. ഒറ്റ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിമർശനമുണ്ട്. തെരഞ്ഞെടുപ്പ് ഒരു നേതാവിലേക്കു മാത്രം കേന്ദ്രീകരിക്കുമെന്നും പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യപ്പെടില്ലെന്നുമാണ് പരക്കെയുള്ള ആശങ്ക.
കാലാവധി എങ്ങനെ? 2029ൽ രാജ്യം ഒറ്റ തെരഞ്ഞെടുപ്പിലേക്ക് പോകുകയാണെങ്കിൽ ചില നിയമസഭകളുടെ കാലാവധി ദീർഘിപ്പിക്കുകയും ചിലത് വെട്ടിച്ചുരുക്കുകയും ചെയ്യേണ്ടിവരും. ഇതുസംബന്ധിച്ച സമയക്രമം നിയമ കമ്മീഷൻ രൂപീകരിച്ചുവരികയാണ്.
ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുകയാണെങ്കിൽ തെരഞ്ഞെടുപ്പു പ്രക്രിയ കൂടുതൽ ലളിതമാകുമെന്നാണ് നിയമകമ്മീഷന്റെ നിലപാട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾകൂടി ഒരുമിച്ചു നടത്തണമെന്ന് നിർദേശമുണ്ടെങ്കിലും മറ്റൊരു ഘട്ടമായി ആ വർഷംതന്നെ നടത്താനാണ് 22-ാം നിയമ കമ്മീഷന്റെ ശിപാർശ.
തെരഞ്ഞെടുപ്പ് പ്രക്രിയ, സഭകളുടെ കാലാവധി എന്നിവ സംബന്ധിച്ച സമയക്രമം രൂപീകരിക്കാൻ നിയമ കമ്മീഷന്റെ കാലാവധി കേന്ദ്രസർക്കാർ 2024 ഓഗസ്റ്റ് വരെ നീട്ടിയിട്ടുണ്ട്.