ഐഎസ് ഭീകരൻ രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടിരുന്നു
Wednesday, October 4, 2023 1:47 AM IST
സെബിൻ ജോസഫ്
ന്യൂഡൽഹി: കഴിഞ്ഞദിവസം അറസ്റ്റിലായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരൻ ഷാനവാസ് മുഹമ്മദും സംഘവും രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി ഡൽഹി പോലീസ്.
ശബരിമല ഉൾപ്പെടെ കേരളത്തിലെ ആരാധനാലയങ്ങളും സംഘത്തിന്റെ ലക്ഷ്യത്തിലുണ്ടായിരുന്നു. പൂന പോലീസിന്റെ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട ഷാനവാസ് കേരളത്തിൽ പശ്ചിമഘട്ടത്തിലുൾപ്പെടെ ഒളിവിൽ കഴിഞ്ഞിരുന്നതായി ഡൽഹി സ്പെഷൽ പോലീസ് കമ്മീഷണർ എച്ച്.ജി.എസ്. ധലിവാൾ പറഞ്ഞു.
മുംബൈ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളെയും വിവിഐപികളെയും വധിക്കാനാണ് പദ്ധതിയിട്ടത്. ഇവരുടെ വഴികളിൽ ഐഇഡി സ്ഫോടനം നടത്താനായിരുന്നു പദ്ധതി. അതിനായി പാക്കിസ്ഥാനിലെ ഭീകരരുടെയും പാക് ചാരസംഘടനയായ ഐഎസ്ഐയുടെയും സഹായം തേടിയിരുന്നു. ഐഎസ്ഐയുടെ സഹായത്തോടെ ഡൽഹിയിൽ സ്ഫോടന പരന്പരകൾ നടത്തി അഫ്ഗാനിസ്ഥാനിലേക്ക് കടക്കുകയായിരുന്നു ഇവരുടെ മറ്റൊരു പദ്ധതി.
ഐഎസ് സ്ലീപ്പർ സെല്ലുകൾ
മുഹമ്മദ് വാസി, മുഹമ്മദ് റിസ്വാൻ അഷ്റഫ് എന്നിവരാണ് ഷാനവാസിനൊപ്പം അറസ്റ്റിലായത്. ഇവർ ഐഎസ് സ്ലീപ്പർ സെല്ലുകളാണ്. മൂന്നു പേരും എൻജിനിയിറിംഗ് ബിരുദധാരികളാണ്. മുഹമ്മദ് വാർസി അലിഗഡ് യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി ചെയ്തുവരുകയാണ്.
ഷാനവാസിനെ ജയ്പുരിൽനിന്നും അഷ്റഫിനെയും വാർസിയെയും യഥാക്രമം ലക്നോ, മൂറാദാബാദ് എന്നിവിടങ്ങളിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. മൈനിംഗ് എൻജിനിയറിംഗ് ബിരുദധാരിയായ ഷാനവാസിന് ബോംബ് നിർമാണത്തിലും പരിശീലനം ലഭിച്ചിട്ടുണ്ട്.
പിടികിട്ടാപ്പുള്ളിയായി ദേശീയ അന്വേഷണ ഏജൻസി പ്രഖ്യാപിച്ച ഷാനവാസിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് മൂന്നു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ബോംബ് പരീക്ഷണം
ദക്ഷിണേന്ത്യയിലെ പല പ്രദേശങ്ങളിലും ഇവർ അടുത്തിടെ സന്ദർശനം നടത്തിയിട്ടുണ്ട്. ഈ മേഖലയിലെ ഐഎസ് സ്ലീപ്പർ സെല്ലുകൾക്ക് പരിശീലനം നൽകി വൻ ഭീകരാക്രമണത്തിനാണ് ഇവർ പദ്ധതിയിട്ടിരുന്നത്.
ഐഇഡി കൂടാതെ പൈപ്പ്, കുക്കർ ബോംബുകളും ഇവർ നിർമിച്ചിരുന്നു. ബോംബുകൾ പരീക്ഷിക്കുകയും ഇവയുടെ ശേഷി വർധിപ്പിക്കുന്നതിനായി ഇന്റർനെറ്റിലൂടെ അന്താരാഷ്ട്ര ഭീകരസംഘടനകളുടെ സഹായം തേടുകയും ചെയ്തതായി അന്വേഷണസംഘം വെളിപ്പെടുത്തി.
കേരളത്തിലെ വനമേഖലയിൽ ഒളിവിൽ കഴിയുന്ന സമയത്ത് ഐഎസ് പതാകയുടെ കീഴിൽ നിന്ന് ഇവരെടുത്ത ചിത്രങ്ങളും ബോംബ് നിർമിക്കുന്നതിനെക്കുറിച്ച് വിവരിക്കുന്ന ലഘുലേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പാക്കിസ്ഥാനിൽനിന്നാണ് ലഘുലേഖ ഇവർക്കു ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.