ടണൽ ദുരന്തം; തൊഴിലാളികൾ എയിംസിൽ നിരീക്ഷണത്തിൽ
Thursday, November 30, 2023 1:56 AM IST
ന്യൂഡൽഹി: ഉത്തരകാശിയിലെ തുരങ്കത്തിൽനിന്ന് ചൊവ്വാഴ്ച രാത്രി രക്ഷപ്പെടുത്തിയ തൊഴിലാളികളെ ഋഷികേശിലെ എയിംസ് ആശുപത്രിയിലെത്തിച്ചു. വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്ടറിലാണ് 41 തൊഴിലാളികളെയും എത്തിച്ചത്.
തൊഴിലാളികളിൽ ആർക്കും പുറമെ പരിക്കുകളൊന്നുമില്ല. എന്നിരുന്നാലും മുൻകരുതലിന്റെ ഭാഗമായാണ് എയിംസിലെത്തിച്ചത്. ഇവർക്ക് കൂടുതൽ ആരോഗ്യ പരിശോധനകൾ നടത്തും. എയിംസ് ആശുപത്രിയിൽ 24 മണിക്കൂർ തൊഴിലാളികളെ നിരീക്ഷണത്തിൽ കിടത്തും.
17 ദിവസമായി സൂര്യപ്രകാശം തട്ടാത്തതിനെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്ന കാര്യവും പരിശോധിക്കും. ചിൻയാലിസൗറിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് ഋഷികേശിലെ എയിംസ് ആശുപത്രി. വളരെ പെട്ടെന്ന് മികിച്ച ചികിത്സ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഹെലികോപ്ടർ മാർഗം തേടിയത്.
അപകടത്തിൽപ്പെട്ടവരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സന്ദർശിച്ചു. ഓരോരുത്തർക്കും ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.