ദേശീയ പാർട്ടികൾക്കു മൊത്തം 3,077 കോടി; ബിജെപിക്കു മാത്രം 2,361 കോടി
Thursday, February 29, 2024 2:28 AM IST
ന്യൂഡൽഹി: രാജ്യത്തെ ആറ് ദേശീയ പാർട്ടികളുടെ 2022-23 സാന്പത്തികവർഷത്തെ വരുമാനം 3,077 കോടിരൂപയാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ).
ഇതിൽ 2,361 കോടി രൂപയും ഭരണകക്ഷിയായ ബിജെപിക്കു ലഭിച്ചതാണ്. മൊത്തം തുകയുടെ 76.73 ശതമാനമാണിത്. കോൺഗ്രസിന് 452.375 കോടി രൂപ കിട്ടി, മൊത്തം തുകയുടെ 14.70 ശതമാനം. മായാവതിയുടെ ബിഎസ്പി, അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാർട്ടി, കോൺറാഡ് സംഗ്മയുടെ എൻപിപി എന്നിവയ്ക്കു പുറമേ സിപിഎമ്മും വരുമാനം രേഖപ്പെടുത്തി.
മൊത്തം വരുമാനത്തിന്റെ 49.09 ശതമാനമായ 1510. 61 കോടി രൂപ ബിജെപിയും കോൺഗ്രസും ആം ആദ്മി പാർട്ടിയും ചേർന്നു തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ സമാഹരിച്ചതാണ്. ബിജെപിക്കു തെരഞ്ഞെടുപ്പുബോണ്ടിൽനിന്ന് 1294.15 കോടി ലഭിച്ചു.
കോൺഗ്രസ് 171.02 കോടിയും ആം ആദ്മി പാർട്ടിക്കു 45.45 കോടിയും തെരഞ്ഞെടുപ്പ് ബോണ്ടുവഴി ലഭിച്ചുവെന്നും വിവരാവകാശ പ്രകാരം ലഭിച്ച രേഖയെ അടിസ്ഥാനമാക്കി എഡിആർ വ്യക്തമാക്കി.