വിലക്കയറ്റവും തൊഴിലില്ലായ്മയും പ്രധാന തെരഞ്ഞെടുപ്പ് വിഷയം: സിഎസ്ഡിഎസ് സർവേ
Friday, April 12, 2024 2:08 AM IST
ന്യൂഡൽഹി: വിലക്കയറ്റവും തൊഴിലില്ലായ്മയും ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാന ഘടകമാകുമെന്ന് സെന്റർ ഫോർ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്)-ലോക്നീതി പ്രീ പോൾ സർവേ.
ജോലി ലഭിക്കുകയെന്നത് വൻ വെല്ലുവിളിയാണെന്നു സർവേയിൽ പങ്കെടുത്ത 62 ശതമാനം പേരും അഭിപ്രായപ്പെട്ടു. തൊഴിൽസാധ്യത മെച്ചപ്പെട്ടതായി 12 ശതമാനം പേരാണു പറഞ്ഞത്. തൊഴിൽ ലഭിക്കാൻ പ്രയാസമാണെന്ന് 67 ശതമാനം മുസ്ലിംകളും 59 ശതമാനം ഒബിസി വിഭാഗക്കാരും 57 ശതമാനം മുന്നാക്കക്കാരും പറയുന്നു.
തൊഴിലില്ലായ്മയ്ക്കു കേന്ദ്രസർക്കാരിനെ 21 ശതമാനം പേർ കുറ്റപ്പെടുത്തുന്പോൾ 17 ശതമാനം പേർ സംസ്ഥാന സർക്കാരുകളെ പ്രതിക്കൂട്ടിൽ നിർത്തുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സംയുക്ത ഉത്തരവാദിത്തമാണെന്നാണ് 57 ശതമാനം പേരുടെ അഭിപ്രായം. രാജ്യത്തെ യുവജനങ്ങളുടെ തൊഴിലില്ലായ്മ നിരക്ക് 2000ൽ 35.2 ശതമാനമായിരുന്നെങ്കിൽ 2022ൽ 65.7 ശതമാനമായി ഉയർന്നു.
വിലക്കയറ്റത്തിന് കേന്ദ്രസർക്കാരിനെ 26 ശതമാനം പേർ കുറ്റപ്പെടുത്തുന്നു. 12 ശതമാനം പേർ സംസ്ഥാനങ്ങൾക്കാണ് ഉത്തരവാദിത്വമെന്നു പറയുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ 56 ശതമാനം പേർ കുറ്റപ്പെടുത്തുന്നു. അഞ്ചു വർഷത്തിനിടെ അഴിമതി വർധിച്ചെന്ന് 55 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഇതിൽ കൂടുതൽ പേരും കേന്ദ്രസർക്കാരിനെയാണു കുറ്റപ്പെടുത്തുന്നത്. ജീവിതനിലവാരം മെച്ചപ്പെട്ടുവെന്ന് 48 ശതമാനം പേർ പറയുന്പോൾ അഞ്ചു വർഷംകൊണ്ട് സ്ഥിതി മോശമായെന്ന് 35 ശതമാനം പേർ പ്രതികരിച്ചു.
തെരഞ്ഞെടുപ്പിൽ തൊഴിലില്ലായ്മ പ്രധാന വിഷയമാകുമെന്ന് 27 ശതമാനം പേരും പ്രതികരിച്ചു. വിലക്കയറ്റം പ്രധാന വിഷയമാകുമെന്ന് അഭിപ്രായപ്പെട്ടവർ 23 ശതമാനമാണ്. വികസനം ചർച്ചയാകുമെന്ന് 13 ശതമാനം പേരും അഴിമതി ചർച്ചയാകുമെന്ന് എട്ടു ശതമാനം പേരും അഭിപ്രായപ്പെട്ടു.
അയോധ്യയിലെ രാമക്ഷേത്രം ചർച്ചയാകുമെന്ന് വിലയിരുത്തിയത് എട്ടു ശതമാനം പേരാണ്. 100 ലോക്സഭാ മണ്ഡലങ്ങളിലെ 400 പോളിംഗ് സ്റ്റേഷനുകളിലാണ് സർവേ നടത്തിയത്.