അഴിമതിക്കെതിരേ പോരാട്ടം തുടരുമെന്ന് നരേന്ദ്ര മോദി
Saturday, April 13, 2024 1:52 AM IST
ന്യൂഡൽഹി: രാജ്യത്തെ അഴിമതി ഇല്ലാതാക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും ജനക്ഷേമത്തിനായുള്ള പണം മറ്റു വഴികളിലൂടെ പോകുന്നതു തടയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദി ദിനപത്രമായ ‘ഹിന്ദുസ്ഥാന്‍’ നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു കേന്ദ്രം വേട്ടയാടുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം വസ്തുതാവിരുദ്ധമാണ്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിൽ മൂന്നു ശതമാനം മാത്രമാണു രാഷ്ട്രീയ പാർട്ടി നേതാക്കൾക്കെതിരേയുള്ളത്.
ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതും രാമക്ഷേത്രം നിർമിച്ചതും ബിജെപി സർക്കാരിന്റെ നേട്ടമാണ്. പത്തുവർഷംകൊണ്ട് രാജ്യത്തെ അഴിമതി കുറയ്ക്കാനായി. ഈ പോരാട്ടം വരുംവർഷങ്ങളിലും തുടരും. അടുത്ത വട്ടവും ബിജെപി തീർച്ചയായും അധികാരത്തിൽ എത്തുമെന്നും മോദി പറഞ്ഞു.
അന്വേഷണ ഏജൻസികളെ സർക്കാർ ഒരുതരത്തിലും ഉപയോഗിക്കുന്നില്ല. അഴിമതി നിറഞ്ഞ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിച്ചവരാണ് കരയുന്നത്. ഉപഭോക്താക്കൾക്ക് ആനുകൂല്യം നേരിട്ടു നൽകുന്ന പദ്ധതിയിലെ ഒരു കോടി വ്യാജ അക്കൗണ്ടുകൾ കേന്ദ്രസർക്കാർ നീക്കം ചെയ്തു. 2014ന് മുന്‍പ് ഇഡി 5,000 കോടി രൂപയാണു കണ്ടുകെട്ടിയത്.
പത്തുവർഷംകൊണ്ട് അത് ഒരു ലക്ഷം കോടി രൂപയായി മാറി. എൻഡിഎ സർക്കാരിന്റെ കാലത്ത് സാന്പത്തികമായും നയതന്ത്രപരമായും രാജ്യം മികച്ച വളർച്ച നേടിയെന്നും മോദി അഭിമുഖത്തിൽ പറഞ്ഞു.