കോൺഗ്രസിനു വീണ്ടും അക്കൗണ്ട് തുറക്കണം; ഹാട്രിക്കിനു ബിജെപി
Sunday, April 14, 2024 1:02 AM IST
ബിജോ മാത്യു
രാജസ്ഥാനിൽ കോൺഗ്രസിന്റെ ലോക്സഭാ അക്കൗണ്ട് പൂട്ടിപ്പോയിട്ട് കൊല്ലം പത്തായി. ഉത്തരേന്ത്യയിൽ ഇപ്പോഴും കോൺഗ്രസിനു മേൽവിലാസമുള്ള സംസ്ഥാനമാണു രാജസ്ഥാൻ. ബിജെപിയും കോൺഗ്രസും മാറിമാറി സംസ്ഥാനത്ത് അധികാരത്തിലെത്തുന്നുമുണ്ട്.
എന്നാൽ, 2014ലെയും 2019ലെയും മോദിതരംഗത്തിൽ സംസ്ഥാനത്ത് കോൺഗ്രസ് തകർന്നടിഞ്ഞു. ഇത്തവണ തിരിച്ചുവരവിനാണു കോൺഗ്രസ് ഒരുങ്ങുന്നത്. ബിജെപിയാകട്ടെ, നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ വീര്യത്തിലും. രാജസ്ഥാനിലെ 25 മണ്ഡലങ്ങൾ ഒന്നും രണ്ടും ഘട്ടങ്ങളിലായി വിധിയെഴുത്ത് നടത്തും.
ബിജെപി 25 സീറ്റിലും കോൺഗ്രസ് 22ലും മത്സരിക്കുന്നു സിപിഎം, ആർഎൽപി പാർട്ടികൾക്ക് കോൺഗ്രസ് ഓരോ സീറ്റ് നല്കി. ബൻസ്വാരയിൽ ഭാരതീയ ആദിവാസി പാർട്ടി (ബിഎപി)ക്ക് കോൺഗ്രസ് പിന്തുണ നല്കുന്നു. ബിഎപിക്ക് നിയമസഭയിൽ മൂന്നംഗങ്ങളുണ്ട്. തുടക്കത്തിൽ കോൺഗ്രസിൽനിന്നു ബിജെപിയിലേക്കു നേതാക്കളുടെ ഒഴുക്കായിരുന്നു. അങ്കം മുറുകിയതോടെ ബിജെപിക്കാർ കോൺഗ്രസിലും ചേക്കേറി.
കൂറുമാറിയെത്തിയ രാഹുൽ കാസ്വാൻ (ചുരു), പ്രഹ്ലാദ് ഗുൻജാൽ (കോട്ട-ബുണ്ടി), ഉമേദറാം(ബാർമേർ) എന്നിവർക്കു കോൺഗ്രസ് സീറ്റ് നല്കി. കോൺഗ്രസിൽനിന്നെത്തിയ മുൻ മന്ത്രി മഹേന്ദ്രജീത് സിംഗ് മാളവ്യക്ക് ബിജെപി ബൻസ്വാര സീറ്റ് നല്കി. മാളവ്യയെത്തിയത് ബിജെപിക്കു വലിയ നേട്ടമായി.
മുൻ പ്രതിപക്ഷനേതാവ് രാജേന്ദ്ര റാത്തോഡുമായുള്ള ഭിന്നതയാണു രാഹുൽ കാസ്വാനെ കോൺഗ്രസിലെത്തിച്ചത്. ജാട്ട് കോട്ടയായ ചുരുവിലെ എട്ടിൽ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസാണു വിജയിച്ചത്.
ഹഡോതി മേഖലയിലെ കോട്ട-ബുണ്ടി സീറ്റിൽ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് എതിരേയാണ് പ്രഹ്ലാദ് ഗുൻജൽ മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ ഉറ്റ അനുയായി ആയിരുന്ന ഗുൻജൽ, ഓം ബിർലയ്ക്കു കനത്ത വെല്ലുവിളി ഉയർത്തുന്നു.
നാഗൗഡിൽ ശ്രദ്ധേയ മത്സരം
ജാട്ട് സ്വാധീന മണ്ഡലമായ നാഗൗഡിലും മത്സരവും ശ്രദ്ധേയമാണ്. മുൻ കോൺഗ്രസ് എംപി ജ്യോതി മിർധയാണു ബിജെപി സ്ഥാനാർഥി. രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (ആർഎൽപി) കൺവീനറും ഉന്നത ജാട്ട് നേതാവുമായ ഹനുമാൻ ബേനിവാൾ ആണ് ഇന്ത്യാ മുന്നണി സ്ഥാനാർഥി.
തുടർച്ചയായ രണ്ടാം തവണയാണ് ബേനിവാൾ-ജ്യോതി പോരാട്ടത്തിനു നാഗൗഡ് വേദിയാകുന്നത്. 2019ൽ എൻഡിഎയിലായിരുന്ന ബേനിവാൾ പരാജയപ്പെടുത്തിയത് കോൺഗ്രസ് സ്ഥാനാർഥിയായ ജ്യോതി മിർധയെയായിരുന്നു.
2023 നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുന്പാണു ജ്യോതി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. എന്നാൽ, നാഗൗഡ് നിയമസഭാ സീറ്റിൽ അമ്മാവൻ ഹരേന്ദ്ര മിർധയോടു തോൽക്കാനായിരുന്നു ജ്യോതിക്കു വിധി.
ബാർമേറിലെ കോൺഗ്രസ് സ്ഥാനാർഥി ഉമേദറാം ആർഎൽപിയിൽനിന്നാണ് കോൺഗ്രസിലെത്തിയത്. കേന്ദ്ര സഹമന്ത്രി കൈലാഷ് ചൗധരിയാണ് ഉമേദറാമിന്റെ മുഖ്യ എതിരാളി. ബിജെപി വിമതനായി മത്സരിച്ച് നിയമസഭാംഗമായ രവീന്ദ്ര ഭട്ടിയും ബാർമേറിൽ ഒരു കൈ നോക്കാനുണ്ട്.