ബിജെപി വലതുതീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു: നാഗാ ബാപ്റ്റിസ്റ്റ് ചർച്ച്
Sunday, April 14, 2024 2:10 AM IST
ന്യൂഡൽഹി: വലതുപക്ഷ തീവ്രവാദത്തെ ബിജെപി സജീവമായി പ്രോത്സാഹിപ്പിക്കുകയാണെന്ന് നാഗാലാൻഡിലെ പ്രമുഖ ക്രൈസ്തവ സഭയായ നാഗാലാൻഡ് ബാപ്റ്റിസ്റ്റ് ചർച്ച് കൗണ്‍സിൽ.
കേന്ദ്രത്തിന്റെ സമയോചിതമായ ഇടപെടൽ മണിപ്പുരിലെ സ്ഥിതി മെച്ചപ്പെടുത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം യുക്തിസഹമല്ലെന്നും ബാപ്റ്റിസ്റ്റ് സഭ അഭിപ്രായപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ നാഗാലാൻഡിലെ വോട്ടർമാരോടുള്ള അഭ്യർഥനയായി നാഗാലാൻഡ് ബാപ്റ്റിസ്റ്റ് ചർച്ച് കൗണ്‍സിൽ (എൻബിസിസി) പുറത്തിറക്കിയ പ്രസ്താവനയിലാണ് ബിജെപിക്കും മോദിക്കുമെതിരേ വിമർശനം.
ക്രിസ്ത്യാനികൾ എന്നനിലയിലുള്ള വിശ്വാസത്തിലും സ്വത്വത്തിലും ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നു മുഖ്യമന്ത്രി നെയ്ഫിയു റിയോ പ്രചാരണത്തിനിടെ പറഞ്ഞിരുന്നു.
വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന നാഗാലാൻഡിലെ ഏക ലോക്സഭാ സീറ്റിലേക്ക് ബിജെപി സഖ്യത്തിലുള്ള എൻഡിപിപിയുടെ തോക്കോഹോ യെപ്തോമിയും ഇന്ത്യാ സഖ്യത്തിൽ കോണ്‍ഗ്രസിന്റെ എസ്. സുപോംഗമെരെൻ ജാമിറും തമ്മിലാണു മത്സരം.