നന്ദിഗ്രാമിൽ വനിതാ ബിജെപി നേതാവ് കൊല്ലപ്പെട്ടു
Friday, May 24, 2024 5:58 AM IST
കോൽക്കത്ത: ബംഗാളിലെ നന്ദിഗ്രാമിൽ വനിതാ ബിജെപി നേതാവ് കൊല്ലപ്പെട്ടു. രതിബാല അർഹി(38)യാണു ബുധനാഴ്ച രാത്രി കൊല്ലപ്പെട്ടത്. നിരവധി ബിജെപി പ്രവർത്തകർക്കു പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
വനിതാ നേതാവ് കൊല്ലപ്പെട്ടതോടെ വൻ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തിയതോടെ പ്രദേശത്ത് സംഘർഷാസ്ഥയായി. തൃണമൂൽ കോൺഗ്രസിന്റെ പിന്തുണയുള്ള ക്രിമിനലുകളാണ് രതിബാലയെ കൊന്നതെന്ന് ബിജെപി ആരോപിച്ചു. നാളെ തെരഞ്ഞെടുപ്പു നടക്കുന്ന താംലുക് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശമായ നന്ദിഗ്രാം ബംഗാൾ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ തട്ടകമാണ്.
നന്ദിഗ്രാമിൽ ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചു, കടകളടപ്പിച്ചു. പോലീസിന്റെയും ആർഎഎഫിന്റെയും വൻ സംഘത്തെ പ്രദേശത്തു വിന്യസിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നന്ദിഗ്രാമിൽ ബന്ദിന് ആഹ്വാനം ചെയ്ത ബിജെപി പിന്നീട് പിൻവലിച്ചു.