അഗ്നിവീർ; സർവേയ്ക്ക് ഒരുങ്ങി സൈന്യം
സ്വന്തം ലേഖകൻ
Friday, May 24, 2024 6:32 AM IST
ന്യൂഡൽഹി: അഗ്നിവീർ പദ്ധതിയുമായി ബന്ധപ്പെട്ട് സൈന്യം ആഭ്യന്തര സർവേ നടത്തുമെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇതുവരെയുള്ള റിക്രൂട്ട്മെന്റ് നടപടികൾ വിലയിരുത്തുകയും സാധ്യമായ മാറ്റങ്ങളെക്കുറിച്ച് പുതുതായി ചുമതലയേൽക്കുന്ന സർക്കാരിനോട് ശിപാർശ ചെയ്യുമെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
സൈന്യത്തിന്റെ വിവിധ റെജിമെന്റൽ സെന്ററുകളിലെ റിക്രൂട്ടിംഗ്, ട്രെയിനിംഗ് സ്റ്റാഫുകൾ, അഗ്നിവീർസ്, യൂണിറ്റ്, സബ് യൂണിറ്റ് കമാൻഡർമാർ എന്നിവരുൾപ്പെടെ ഉള്ളവരിലാണ് സർവേ നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം പത്തു ചോദ്യങ്ങളുൾപ്പെടുത്തിയ ചോദ്യാവലിയായിരിക്കും ഇവർക്ക് നൽകുകയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. ഈ മാസം അവസാനത്തോടെ ചോദ്യങ്ങളും മറുപടികളും ഏകീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
2022 ജൂണിലാണ് കേന്ദ്രസർക്കാർ അഗ്നിവീർ പദ്ധതി ആരംഭിക്കുന്നത്. നാലു വർഷത്തെ കാലാവധി അവസാനിക്കുന്പോൾ മെറിറ്റും സൈന്യത്തിന്റെ ആവശ്യകതകളും അനുസരിച്ച് അവരിൽ 25% പേർക്ക് സ്ഥിരമായി സൈന്യത്തിൽ ചേരുന്നതിന് സ്വമേധയാ അപേക്ഷിക്കാം.
നിലവിൽ കരസേനയിൽ രണ്ടു ബാച്ചുകളിലായി 40,000 പേർ പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. നാവികസേനയിൽ 7385, വ്യോമസേനയിൽ 4955 പേരും പരിശീലനം പൂർത്തിയാക്കി. പ്രതിപക്ഷ പാർട്ടികൾ പദ്ധതിയെ ശക്തമായി എതിർത്തിരുന്നു. കോണ്ഗ്രസ് അധികാരത്തിലെത്തിയാൽ പദ്ധതി പൂർണമായും ഇല്ലാതാക്കുമെന്ന് പ്രകടനപത്രികയിലടക്കം വാഗ്ദാനം നൽകി. ഇതിനിടയിലാണ് സർവേ നടത്താൻ സൈന്യം തീരുമാനിച്ചിരിക്കുന്നത്.