ബംഗാളിൽ ബിജെപി സ്ഥാനാർഥിക്കു നേരേ കല്ലേറ്
Sunday, May 26, 2024 1:02 AM IST
കോൽക്കത്ത: ഇന്നലെ നടന്ന ആറാംഘട്ട വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിൽ ബിജെപി സ്ഥാനാർഥിക്കു നേരേ നാട്ടുകാരുടെ കല്ലേറ്.
ജാർഗ്രാം ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി പ്രനാത് തുഡുവിനും അംഗരക്ഷകർക്കും നേരേയാണ് ജനരോഷമുണ്ടായത്. വെസ്റ്റ് മിഡ്നാപ്പുർ ജില്ലയിലെ ഗാർപെതയിലുള്ള പോളിംഗ് ബൂത്തിലെത്തിയപ്പോഴായിരുന്നു സ്ഥാനാർഥിക്കും അദ്ദേഹത്തിന്റെ അംഗരക്ഷകരായ രണ്ട് സിഐഎസ്എഫ് ഭടന്മാർക്കുംനേരെ കല്ലേറുണ്ടായത്.
കല്ലേറിൽനിന്നു രക്ഷതേടി സ്ഥാനാർഥിയും സുരക്ഷാ ഉദ്യോഗസ്ഥരും ഓടുന്നതും കല്ലേറിൽനിന്നു സ്ഥാനാർഥിയെ രക്ഷിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥൻ ഷീൽഡുകൊണ്ട് തടയുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളാണ് തങ്ങളെ ആക്രമിച്ചതെന്ന് പ്രനാത് തുഡു ആരോപിച്ചു.
കല്ലേറിൽ തലയ്ക്കു പരിക്കേറ്റ തന്റെ രണ്ട് അംഗരക്ഷകർ ആശുപത്രിയിലാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിനു പുറത്ത് ക്യൂ നിന്ന യുവതിയെ പ്രനാത് തുഡുവിന്റെ അംഗരക്ഷകർ അപമാനിച്ചതാണു പ്രതിഷേധത്തിനു കാരണമെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.
ഗാർപെതയിൽ പാർട്ടിയുടെ ഏജന്റുമാരെ പോളിംഗ് ബൂത്തിൽ പ്രവേശിപ്പിക്കുന്നില്ലെന്ന വിവരമറിഞ്ഞ് എത്തിയപ്പോഴായിരുന്നു സ്ഥാനാർഥിക്കുനേരേ ആക്രമണമുണ്ടായത്.