ആശുപത്രികളിൽ സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കണം. ഡോക്ടർമാരുടെ സുരക്ഷയ്ക്ക് ആവശ്യമായ വ്യവസ്ഥകൾ സൃഷ്ടിക്കണം. ആവശ്യമായ എല്ലാ സുരക്ഷാനടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സിഐഎസ്എഫ് ഉറപ്പാക്കണം.
സാധുവായ തിരിച്ചറിയൽ കാർഡില്ലാതെ അത്യാഹിത വിഭാഗത്തിലേക്ക് ആരെയും പ്രവേശിപ്പിക്കരുത്. സർക്കാർ മെഡിക്കൽ കോളജുകളുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥിതിഗതികൾ വിലയിരുത്താൻ കളക്ടർമാർക്കും എസ്പിമാർക്കും സുപ്രീംകോടതി നിർദേശം നൽകി.
ആർജി കർ അടക്കമുള്ള സർക്കാർ ആശുപത്രികളിൽ സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിനും മറ്റുമായി പണം അനുവദിച്ചതായി ആരോഗ്യ സെക്രട്ടറി സത്യവാങ്മൂലം നൽകിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ടോയ്ലറ്റ് സൗകര്യം ഒരുക്കണമെന്നും കോടതി നിർദേശിച്ചു.
പൊലിഞ്ഞത് 23 ജീവനുകളെന്ന് കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിൽ മാനഭംഗത്തിനിരയായി യുവഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചു നടന്ന ഡോക്ടർമാരുടെ സമരത്തിൽ 23 രോഗികളുടെ ജീവൻ പൊലിഞ്ഞതായി പശ്ചിമബംഗാൾ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഡോക്ടർമാരുടെ പണിമുടക്കിനെത്തുടർന്ന് ആറു ലക്ഷം പേർക്കു ചികിത്സ നിഷേധിക്കപ്പെട്ടതായും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ കപിൽ സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഭയം മൂലമാണ് ഡോക്ടർമാർ സമരം ചെയ്യുന്നതെന്നും ജൂണിയർ ഡോക്ടർമാർ നിരവധി ഭീഷണികൾ നേരിടുന്നുണ്ടെന്നും റസിഡന്റ് ഡോക്ടർമാരുടെ സംഘടനയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷക ഗീത ലൂത്ര വാദിച്ചു. ആശുപത്രികൾക്കു പുറത്ത് ഡോക്ടർമാർ സന്നദ്ധസേവനം നടത്തുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.