മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞ് കേജരിവാൾ
Saturday, October 5, 2024 5:26 AM IST
ന്യൂഡൽഹി: നോർത്ത് ഡൽഹി 6 ഫ്ലാഗ് സ്റ്റാഫ് റോഡിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ ഇനി അരവിന്ദ് കേജരിവാൾ എന്ന പേരുണ്ടാകില്ല. മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനു പിന്നാലെ ഡൽഹിയിലെ ഔദ്യോഗിക വസതിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാൾ ഒഴിഞ്ഞു. ഡൽഹി മണ്ഡി ഹൗസിനടുത്തുള്ള 5 ഫിറോസ്ഷാ റോഡിലെ ബംഗ്ലാവാണ് ഇനി മുതൽ കേജരിവാളിന്റെ വസതി.
എഎപി ആസ്ഥാനത്തിന്റെ തൊട്ടടുത്തുള്ള ബംഗ്ലാവിലേക്കാണ് കേജരിവാൾ കുടുംബാംഗങ്ങളോടൊപ്പം മാറിയത്. എഎപിയുടെ പഞ്ചാബിൽനിന്നുള്ള രാജ്യസഭാംഗം അശോക് മിത്തലിന് അനുവദിച്ചിരിക്കുന്ന സർക്കാർ ബംഗ്ലാവാണിത്. അതേസമയം, ഔദ്യോഗിക വസതിയിലേക്ക് മുഖ്യമന്ത്രി അതിഷി താമസം മാറുമോയെന്ന കാര്യത്തിൽ എഎപി തീരുമാനമെടുത്തിട്ടില്ല.