ജമ്മു കാഷ്മീരിൽ രാഷ്ട്രപതിഭരണം പിൻവലിച്ചു ; ഒമർ അബ്ദുള്ളയുടെ സത്യപ്രതിജ്ഞ നാളെ
Tuesday, October 15, 2024 2:06 AM IST
ന്യൂഡൽഹി: ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട നാഷണൽ കോണ്‍ഫറൻസ് സഖ്യത്തിന് അധികാരം കൈമാറുന്നതിന്റെ ഭാഗമായി ജമ്മു കാഷ്മീരിൽ നിലനിന്നിരുന്ന രാഷ്ട്രപതിഭരണം പിൻവലിച്ചു.
പുതിയ സർക്കാർ രൂപവത്കരിക്കുന്നതിനുള്ള അവകാശവാദവുമായി ഒമർ അബ്ദുള്ള 55 എംഎൽഎമാരുടെ പിന്തുണയുള്ള കത്തുമായി ലഫ്. ഗവർണറെ സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജമ്മു കാഷ്മീരിൽ ആറു വർഷമായി നിലനിന്നിരുന്ന കേന്ദ്രഭരണം രാഷ്ട്രപതി പിൻവലിച്ചത്.
സർക്കാർ രൂപവത്കരണത്തിന് ഒമർ അബ്ദുള്ളയെ ലഫ്. ഗവർണർ മനോജ് സിൻഹ ക്ഷണിച്ചു. ഒമറിന്റെ നേതൃത്വത്തിലുള്ള സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
ശ്രീനഗറിലെ ഷേർ-ഇ-കാഷ്മീർ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ (എസ്കെഐസിസി) രാവിലെ 11.30നാണ് സത്യപ്രതിജ്ഞാച്ചടങ്ങ്. 39-ാം വയസിൽ, ജമ്മു കാഷ്മീരിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഒമർ അബ്ദുള്ള 16 വർഷങ്ങൾക്കുശേഷമാണ് വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്.