സ്പേഡെക്സ് അണ്‍ഡോക്കിംഗ് വിജയകരം
Friday, March 14, 2025 1:49 AM IST
ബംഗളൂരു: സ്പേസ് ഡോക്കിംഗ് എക്സ്പെരിമെന്റ് (സ്പേഡെക്സ്) ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് ഡോക്ക് ചെയ്ത രണ്ട് ഉപഗ്രങ്ങളെയും വിജയകരമായി അണ് ഡോക്ക് ചെയ്തത് ഐഎസ്ആര്‍ഒ.
രണ്ട് ഉപഗ്രഹങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഡോക്കിംഗും അവയെ വേര്‍പെടുത്തുന്ന അണ്‍ഡോക്കിംഗും ചേര്‍ന്നതായിരുന്നു ഐഎസ്ആര്‍ഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണ ദൗത്യമായ സ്പേഡെക്സ്.
എസ്ഡിഎക്സ് 01 (ചേസർ), എസ്ഡിഎക്സ് 02 (ടാർഗറ്റ്) എന്നീ ഉപഗ്രഹങ്ങളെ വേര്‍പെടുത്തുന്ന അണ്‍ഡോക്കിംഗ് ദൗത്യമാണ് ഇപ്പോള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതിന്റെ വീഡിയോയും ഐഎസ്ആര്‍ഒ പുറത്തുവിട്ടു.
2024 ഡിസംബര്‍ 30നായിരുന്നു സ്പേഡെക്സ് ദൗത്യം വിക്ഷേപിച്ചത്. കഴിഞ്ഞ ജനുവരി 16നായിരുന്നു ഡോക്കിംഗ് പ്രക്രിയ നടന്നത്. പല സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് അൺ ഡോക്കിംഗ് വൈകിയത്. ഉപഗ്രഹങ്ങളുടെ ഡീ-ഡോക്കിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒ സംഘത്തെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അഭിനന്ദിച്ചു.
ഇന്ത്യയുടെ ഭാവി ബഹിരാകാശ പദ്ധതികളില്‍ ഒരു സുപ്രധാന ചുവടുവയ്പാണിതെന്നു പറഞ്ഞ ജിതേന്ദ്ര സിംഗ്, ഇന്ത്യയുടെ ബഹിരാകാശ സ്റ്റേഷന്, ചന്ദ്രയാന്‍ 4, ഗഗന്യാന് എന്നിവയുള്‍പ്പെടെ വരാനിരിക്കുന്ന പദ്ധതികള്‍ക്കു കരുത്തുപകരുമെന്നും എക്സില്‍ കുറിച്ചു.