റൗണ്ടപ് മൂലം കാൻസർ; 14,400 കോടി രൂപ നഷ്ടപരിഹാരം നല്‍കണം
Tuesday, May 14, 2019 11:01 PM IST
ഓക്ലാൻഡ് (കലിഫോർണിയ): കളനാശിനി ഉപയോഗിച്ചു കാൻസർ പിടിച്ച ദന്പതികൾക്ക് 205.5 കോടി ഡോളർ (14,400 കോടി രൂപ) നഷ്ടപരിഹാരം നല്കാൻ കോടതി. മൊൺസാന്റോ കന്പനിയുടെ റൗണ്ടപ് ഉപയോഗിച്ചാണ് കാൻസർ പിടിച്ചത്. മൊൺസാന്റോ ഇപ്പോൾ ബായർ എന്ന ജർമൻ കന്പനിയുടെ ഭാഗമാണ്. ഇത്തരം കേസുകളിലെ റിക്കാർഡ് നഷ്ടപരിഹാരമാണിത്.
ലോകത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന കളനാശിനിയായ റൗണ്ടപ് നോൺ ഹോജ്കിൻസ്, ലിംഫോമ (എൻഎച്ച്എൽ) എന്നയിനം രക്താർബുദത്തിനു കാരണമാകുമെന്നു തെളിയിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് മുന്‍പു രണ്ടു കേസുകളിൽ കന്പനി നഷ്ടപരിഹാരം നല്കാൻ വിധിയായിരുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി തകർക്കുന്ന ഒരിനം അർബുദമാണ് എന്‍എച്ച്എൽ.
എഴുപതു വയസ് കഴിഞ്ഞ ആൽവാ പില്ലിയോഡ്, ആൽബർട്ട ദന്പതികൾക്കാണ് റിക്കാർഡ് നഷ്ടപരിഹാരം. 100 കോടി ഡോളർ വീതം ഓരോരുത്തർക്കും കിട്ടും. 5.5 കോടി ഡോളർ അവർക്കു വന്ന ചെലവുകളുടെ ഇനത്തിൽ ലഭിക്കും. കഴിഞ്ഞവർഷം ഒരു സ്കൂളിലെ തോട്ടപ്പണിക്കാരന്‍ 28.9 കോടി ഡോളറും തന്റെ കൃഷിസ്ഥലത്ത് റൗണ്ടപ് തളിച്ച് രോഗം പിടിച്ച കർഷകന് എട്ടുകോടി ഡോളറും നഷ്ടപരിഹാരം വിധിച്ചിരുന്നു. മുപ്പതു വർഷത്തിലേറെ പില്ലിയോഡ് ദന്പതികൾ റൗണ്ടപ് ഉപയോഗിച്ചു.
മൊൺസാന്റോയ്ക്കെതിരേ 13,400ലേറെപ്പേരാണ് അമേരിക്കയിൽ നഷ്ടപരിഹാര ഹർജി നല്‍കിയിട്ടുള്ളത്. കന്പനിയെ ഏറ്റെടുത്ത ബായറിന് ഇടപാട് വലിയ സാന്പത്തിക ആഘാതമാണ് വരുത്താൻ പോകുന്നത്. മിക്ക കോടതികളിലെയും ജൂറിമാര്‍ കന്പനിയുടെ സമീപനം നിഷേധാത്മകമാണെന്നു വിലയിരുത്തി കനത്ത നഷ്ടപരിഹാരമാണ് ചുമത്തുന്നത്.
റൗണ്ടപ്പിലെ ഗ്ലൈഫോസേറ്റ് കാൻസർ ഉണ്ടാക്കുന്നതാണെന്നു കണ്ടെത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിലെ ഒരു സഘം ഈ വർഷമാദ്യം കണ്ടെത്തിയത് കാൻസർ സാധ്യത 41 ശതമാനം വർധിപ്പിക്കുന്നതാണ് ഗ്ലൈഫോസേറ്റ് എന്നാണ്. കീട-കളനാശിനി നിർമാതാക്കളുടെ സംഘടന ഈ നിഗമനങ്ങളെ ചോദ്യംചെയ്യുന്നു.
ഗ്ലൈഫോസേറ്റിനെതിരായ കണ്ടെത്തലുകൾ മറച്ചുവച്ചാണു മൊൺസാന്റോ റൗണ്ടപ് വിറ്റുപോന്നതെന്നും ജൂറി കുറ്റപ്പെടുത്തി.
ലോകാരോഗ്യ സംഘടനയുടെ കാൻസർ ഗവേഷണ ഏജൻസി, ഗ്ലൈഫോസേറ്റിനെ കാൻസറിനു കാരണമാകുന്നതായി ചിത്രീകരിച്ചതോടെയാണു റൗണ്ടപിനെത്തിരേ കേസുകൾ വർധിച്ചത്.