ഫെഡറൽ ബാങ്ക് കൊച്ചിയിൽ വെൽത്ത് മാനേജ്മെന്റ് സെന്റർ തുറന്നു
Wednesday, August 21, 2019 11:25 PM IST
കൊച്ചി: ഉപഭോക്താക്കൾക്ക് സാന്പത്തിക ആസൂത്രണ, ഉപദേശ സേവനങ്ങൾ നൽകുന്നതിനായി ഫെഡറൽ ബാങ്ക് കൊച്ചിയിൽ വെൽത്ത് മാനേജ്മെന്റ് സെന്റർ ആരംഭിച്ചു. എറണാകുളം ചക്കരപ്പറന്പിൽ ഹോളിഡേ ഇൻ ഹോട്ടലിന് സമീപമാണ് സെന്റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ഉപഭോക്താക്കളുടെ താല്പര്യങ്ങളും സാന്പത്തിക മുൻഗണനകളും പരിഗണിച്ച് മ്യൂച്വൽ ഫണ്ടുകൾ, ബോണ്ടുകൾ, ഇൻഷ്വറൻസ് ഉൽപ്പന്നങ്ങൾ മുതലായവയിൽ നിക്ഷേപിക്കാനുള്ള വിദഗ്ധ ഉപദേശ സേവനങ്ങൾ സെന്റർ വഴി ലഭിക്കും. ഫെഡറൽ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും റീട്ടെയിൽ ബിസിനസ് മേധാവിയുമായ ശാലിനി വാര്യർ ഉദ്ഘാടനം ചെയ്തു. കേരള തലവനും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ജോസ് കെ. മാത്യു, എറണാകുളം സോണൽ മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ വി.വി. അനിൽകുമാർ, എറണാകുളം റീജണൽ മേധാവിയും വൈസ് പ്രസിഡന്റുമായ ബിനോയ് അഗസ്റ്റിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.