പഴയ കണക്ക്: പ്രതിഷേധവുമായി റബർ വ്യാപാരികൾ
Wednesday, October 23, 2019 11:36 PM IST
കോട്ടയം: സർക്കാർ തെറ്റായ രീതിയിൽ നിർമിച്ച സോഫ്റ്റ് വെയർ ഉപയോഗിച്ചു 2013 മുതലുള്ള പഴയ കണക്കുകൾ പുനഃപരിശോധനയ്ക്കു വിധേയമാക്കാൻ ആവശ്യപ്പെട്ടു വ്യാപാരികളെ ദുരിതപ്പെടുത്തുന്നതായി ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ടോമി കുരിശുംമൂട്ടിലും ജനറൽ സെക്രട്ടറി ബിജു പി. തോമസും ആരോപിച്ചു. മിക്ക വ്യാപാരികളുടെ മുൻ കണക്കുകൾ നികുതി ഉദ്യോഗസ്ഥർ പരിശോധിച്ചുകഴിഞ്ഞതാണ്. കെവാറ്റ് പരിധിയിലുള്ള റിട്ടേണുകൾ റിവൈസ് ചെയ്യാനുള്ള അധികാരം അസസ്മെന്റ് അഥോറിറ്റിക്കു തന്നെ നല്കണം.
നിലവിൽ വ്യാപാരികൾക്കു ലഭിച്ചുകൊണ്ടിരിക്കുന്ന നോട്ടീസുകളിൽ ഇൻവോയിസ് അടിസ്ഥാനത്തിൽ മിസ് മാച്ച് ഉണ്ടെങ്കിൽ വിശദീകരണം ആവശ്യപ്പെടണം. വ്യക്തമായ റിട്ടേണുകളും ഇൻവോയിസും സമർപ്പിച്ചിട്ടുള്ള വ്യാപാരികൾ മറ്റാരോ വരുത്തിയ വീഴ്ചയിൽ ശിക്ഷിക്കപ്പെടുന്നത് ഒഴിവാക്കണമെന്നും തെറ്റായി രൂപപ്പെടുത്തിയിട്ടുള്ള സോഫ്റ്റ്്വേർ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.