സൂചികകൾ നേട്ടത്തിൽ
Thursday, November 21, 2019 12:08 AM IST
മുംബൈ: ഓഹരി വിപണിയിലെ ബുൾതരംഗം തുടരുന്നു. സെൻസെക്സ് 182 പോയിന്റ് ഉയർന്ന് 40,652ൽ ക്ലോസ് ചെയ്തു. തേരോട്ടത്തിനിടെ സൂചിക സർവകാല റിക്കാർഡ് ആയ 40,816.38 പോയിന്റ് വരെ ഉയർന്നിരുന്നു. നിഫ്റ്റി 59 പോയിന്റിന്റെ ഉയർച്ചയോടെ 11,999ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്.
ഒരവസരത്തിൽ 12,000 ന്റെ പ്രതിരോധ ഭിത്തിക്കു മുകളിലെത്തിയ ശേഷമാണ് നിഫ്റ്റി 11,999ലേക്കു മടങ്ങിയത്. ഹെൽത്ത് കെയർ, ഉൗർജം, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ മേഖലകളിലെ ഓഹരികൾ 1.4 ശതമാനം മുതൽ 2 ശതമാനം വരെ ഉയർന്നു. സണ്‍ ഫാർമ, ഇൻഡസ് ഇൻഡ് ബാങ്ക് , യെസ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, മാരുതി, എൽആൻഡ് ടി തുടങ്ങിയ കന്പനികളാണ് സെൻസെക്സിലെ പ്രധാന നേട്ടക്കാർ. ഇവയുടെ ഓഹരികൾ 5.73 ശതമാനംവരെ ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസീന്റെ ഓഹരിവില റിക്കാർഡ് ഉയർച്ചയായ 1571.85 ലെത്തിയിരുന്നു. നിരക്കു കൂട്ടുമെന്ന റിലയൻസ് ജിയോയുടെ പ്രഖ്യാപനവും ക്രൂഡ് വിലയിലെ താഴ്ചയുമാണു സൂചികകൾക്കു തുണയായതെന്നാണു വിലയിരുത്തൽ.