കോവിഡ് പ്രതിരോധം: കല്യാണ് ജ്വല്ലേഴ്സ് 10 കോടി നൽകും
Saturday, March 28, 2020 11:58 PM IST
തൃശൂർ: കല്യാണ് ജ്വല്ലേഴ്സ് കൊറോണ വൈറസ് പ്രതിരോധപ്രവർത്തനങ്ങൾക്കായി പത്തു കോടി രൂപ നല്കും. സർക്കാരിന്റെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും പ്രതിരോധപ്രവർത്തനങ്ങൾക്കായിരിക്കും കല്യാണ് ജ്വല്ലേഴ്സ് ഈ തുക നല്കുക. ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും എത്തിക്കുന്നതിനാകും മുൻഗണന.
കൊറോണ വൈറസ് ബാധ ആഗോളതലത്തിൽ മനുഷ്യരാശിക്കു വലിയ നാശമാണുണ്ടാക്കിയിരിക്കുന്നതെന്നു കല്യാണ് ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഈ പ്രതിസന്ധിയുടെ ഗൗരവം ഉൾക്കൊണ്ടുകൊണ്ടാണു കല്യാണ് ജ്വല്ലേഴ്സ് 10 കോടി രൂപയുടെ സഹായപദ്ധതിയുമായി കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്.ഷോറൂമുകൾ അടഞ്ഞു കിടക്കുകയാണെങ്കിലും എണ്ണായിരത്തിലധികം ജീവനക്കാർക്കും ശമ്പളം പൂർണമായും നൽകുമെന്നു വ്യക്തമാക്കി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ എല്ലാ ജീവനക്കാർക്കും കത്തയച്ചിരുന്നു.