പണിമുടക്ക്: ബാങ്കിംഗ് മേഖല നിശ്ചലമായി
Friday, November 27, 2020 1:44 AM IST
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷക വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ചു നടന്ന ദേശീയ പണിമുടക്കില്‍ ബാങ്കിംഗ് മേഖലയും സ്തംഭിച്ചു. പൊതുമേഖല, സ്വകാര്യ മേഖല, സഹകരണ, ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തു. പണിമുടക്കിയ ജീവനക്കാര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.
പൊതുമേഖലാ ബാങ്ക് സ്വകാര്യവത്കരണ നീക്കം അവസാനിപ്പിക്കുക, വന്‍കിട കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കുക, മനഃപൂര്‍വം കുടിശിക വരുത്തുന്നതു ക്രിമിനല്‍ കുറ്റമാക്കുക, നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിക്കുക, എസ്ബിഐയിലെ അപ്രന്റീസ് നിയമനത്തിനു പകരം സ്ഥിരം നിയമനങ്ങള്‍ നടത്തുക, പങ്കാളിത്ത പെന്‍ഷനു പകരം നിശ്ചിത പെന്ഷന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.