വിവരച്ചോർച്ച ഭീതിയായി; വാട്സ്ആപ്പിൽനിന്ന് സിഗ്നലിലേക്കു കൂട്ടപ്പലായനം
Tuesday, January 12, 2021 12:00 AM IST
തൃശൂർ: എങ്ങോട്ടു പോയെന്നും സന്പർക്കമുള്ളവർ ആരെല്ലാമെന്നും അടക്കമുള്ള വിവരങ്ങൾ ചോരുമെന്നു ഭയന്ന് വാട്സ്ആപ്പിൽനിന്ന് കൂട്ടപ്പലായനം. വാട്സ്ആപ്പിനെപ്പോലെതന്നെ പ്രവർത്തിക്കുന്ന സിഗ്നൽ എന്ന ആപ്പിലേക്കാണു കൂടുതൽ പേരും കൂടുമാറുന്നത്.
അടുത്ത മാസം എട്ടു മുതൽ വാട്സ്ആപ്പിന്റെ സേവന വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതിനാലാണു സ്വകാര്യത ആഗ്രഹിക്കുന്നവരെല്ലാം കൂട്ടത്തോടെ രക്ഷപ്പെടുന്നത്. അടുത്ത മാസം എട്ടുമുതൽ പ്രാബല്യത്തിലാകുന്ന പുതിയ ചട്ടങ്ങൾ സ്വീകാര്യമാണെന്ന് അംഗീകരിക്കുന്നവർക്കേ വാട്സ്ആപ്പ് സേവനം തുടരാനാകൂവെന്നു കഴിഞ്ഞ നാലിന് അറിയിപ്പു നൽകിയിരുന്നു. ഇതനുസരിച്ച് മിക്കവരും വാട്സ്ആപ്പിന്റെ പുതിയ വ്യവസ്ഥകൾ അംഗീകരിച്ചിരുന്നു. അംഗീകരിക്കാൻ മടിക്കുന്നവരുടെ വാട്സ്ആപ്പ് ബന്ധം അടുത്ത ദിവസങ്ങളിലായി വിച്ഛേദിക്കും.
ലോകത്തെ ഏറ്റവും വലിയ സാമൂഹ്യ സന്പർക്ക മാധ്യമമായ വാട്സ്ആപ്പിനെ 2014ൽ ഫേസ്ബുക്ക് ഏറ്റെടുത്തിരുന്നു. 2012ൽ ഇൻസ്റ്റഗ്രാമിനെയും ഫേസ്ബുക്ക് വിലയ്ക്കെടുത്തിരുന്നു.
ഫേസ്ബുക്ക്, ഫേസ്ബുക്കിന്റെ എഫ്ബി മെസഞ്ചർ, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ പങ്കുവയ്ക്കുന്ന വിവരങ്ങൾ പരസ്പരം സമന്വയിപ്പിക്കുകയാണെന്നു കഴിഞ്ഞ ഒക്ടോബറിൽ ഫേസ്ബുക്ക് മേധാവി സർക്കർബർഗ് പ്രഖ്യാപിച്ചിരുന്നു.
ഈ സാമൂഹ്യ മാധ്യമങ്ങളിൽ അംഗങ്ങളായവരുടെ ഫോണ് നന്പരും അവർ എവിടെയെല്ലാം പോകുന്നുവെന്നും അടക്കമുള്ള വിവരങ്ങൾ ആവശ്യക്കാർക്കു കൈമാറാനുള്ള അവകാശം ഫേസ്ബുക്കിനും വാട്സ്ആപ്പിനുമെല്ലാം ഉണ്ടെന്ന പുതിയ നിർദേശമാണ് എല്ലാവരെയും വാട്സ്ആപ്പിൽനിന്നു പിന്മാറാൻ പ്രേരിപ്പിക്കുന്നത്. വാട്സ്ആപ്പിലൂടെ പങ്കുവയ്ക്കുന്ന വിവരങ്ങളും ചോരും. ആരുമൊക്കെയായി സന്പർക്കം പുലർത്തുന്നുവെന്നും ഫേസ്ബുക്ക് നിരീക്ഷിച്ച് ആവശ്യക്കാർക്കു വിവരം നൽകാനാണു പരിപാടി.
വ്യക്തിപരമായ വിവരങ്ങളെല്ലാം ചോർത്തുന്ന വാട്സ്ആപ്പ്, ഫേസ്ബുക്ക് നീക്കങ്ങളിൽ വലിയൊരു വിഭാഗം ആളുകളും അസംതൃപ്തരാണ്. ഭീതിയോടെയാണ് അവരിതിനെ കാണുന്നത്. അതിനാലാണ് പ്ലേസ്റ്റോറിൽനിന്ന് സിഗ്നൽ എന്ന പുതിയ ആപ്പ് ഡൗണ്ലോഡ് ചെയ്ത് വാട്സ്ആപ്പിനോടു വിടപറയുന്നത്. വാട്സ്ആപ്പിലെ ചങ്ങാതിമാരോടെല്ലാം സിഗ്നലിലേക്കു മാറുകയാണെന്ന് അറിയിച്ചുകൊണ്ടാണ് ഈ കൂട്ടപ്പലായനം.
ഫ്രാങ്കോ ലൂയിസ്