പ്രതിവാര ഭാഗ്യക്കുറികൾക്കു 11,000 സമ്മാനങ്ങൾകൂടി; ക്ഷേമാനുകൂല്യങ്ങളിൽ വർധന
Friday, January 15, 2021 11:54 PM IST
തിരുവനന്തപുരം: ഭാഗ്യക്കുറികളുടെ സമ്മാന വിഹിതം വിൽപ്പന വരുമാനത്തിന്റെ 1.5 ശതമാനം കൂടി വർധിപ്പിക്കുന്നതായി ധനമന്ത്രി അറിയിച്ചു. ഇതോടെ പ്രതിവാര ഭാഗ്യക്കുറികൾക്കു 11000 സമ്മാനങ്ങൾകൂടി ലഭ്യമാകും.
100 രൂപയുടെ സമ്മാനങ്ങൾക്ക് നൽകുന്ന ഏജന്റ്സ് പ്രൈസ് 10 രൂപയിൽ നിന്നും 20 രൂപയാക്കും. മറ്റെല്ലാ സമ്മാനങ്ങളിലുമുള്ള ഏജന്റ്സ് പ്രൈസും 12 ശതമാനമായി വർധിപ്പിക്കും. ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി വിൽപ്പനക്കാർക്ക് ഭവന നിർമാണ സഹായം നൽകുന്നതിനായി ലൈഫ് ബംപർ ഭാഗ്യക്കുറി നടത്തും.
അടുത്ത മാർച്ചിൽ ഇതിന്റെ നറുക്കെടുപ്പ് നടത്തും. വിൽപ്പനക്കാർക്കും തൊഴിലാളികൾക്കുമുള്ള ക്ഷേമാനുകൂല്യങ്ങളിലും വലിയ വർധന വരുത്തിയിട്ടുണ്ട്്. വിവാഹ ധനസഹായം 5000ൽ നിന്നും 25,000 രൂപയാക്കി ഉയർത്തും. പ്രസവാനുകൂല്യം 5000ൽ നിന്നും 10,000 രൂപയാക്കും. പ്രത്യേക ചികിത്സാ സഹായം 20,000ൽ നിന്നും 50,000 രൂപയാക്കും. ഭാഗ്യക്കുറിയിൽ നിന്നും ലാഭം വർധിപ്പിക്കലല്ല, ലോട്ടറി മാഫിയയെ പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.