ഫെഡറല്‍ ബാങ്കിന് 1,135 കോടി പ്രവര്‍ത്തനലാഭം
Friday, July 23, 2021 11:52 PM IST
കൊച്ചി: ഫെഡറല്‍ ബാങ്ക് എക്കാലത്തെയും ഉയര്‍ന്ന പ്രവര്‍ത്തന ലാഭം നേടി. കഴിഞ്ഞ മാസം 30ന് അവസാനിച്ച 2021-22 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 1,135 കോടി രൂപയുടെ പ്രവര്ത്തനലാഭമാണു ബാങ്ക് നേടിയത്. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 932.38 കോടി രൂപയായിരുന്ന പ്രവര്‍ത്തനലാഭം 22 ശതമാനം വര്‍ധിച്ചു. 8.30 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ മൊത്തം ബിസിനസ് 2,99,158.36 കോടി രൂപയിലും അറ്റപലിശ വരുമാനം 9.41 ശതമാനം വര്‍ധിച്ച് 1,418 കോടി രൂപയിലുമെത്തി.
ബാങ്കിന്റെ സ്വര്‍ണവായ്പകള്‍ 53.90 ശതമാനം വര്‍ധനയോടെ 15,764 കോടി രൂപയിലെത്തിയപ്പോള് റീട്ടെയിൽ വായ്പകള്‍ 15.15 ശതമാനവും കൊമേര്‍ഷ്യല്‍ ബാങ്കിംഗ് വായ്പകള്‍ 10.23 ശതമാനവും കാര്‍ഷിക വായ്പകള്‍ 23.71 ശതമാനവുമാണ് പ്രസ്തുത കാലയളവില്‍ കൂടിയത്. പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപം 9.53 ശതമാനം വര്‍ധിച്ച് 66,018.73 കോടി രൂപയിലെത്തി.
വെല്ലുവിളികൾ നിറഞ്ഞ സാമ്പത്തിക അന്തരീക്ഷത്തിലും ബാങ്കിന്റെ കറന്റ് അക്കൗണ്ട്-സേവിംഗ്സ് അക്കൗണ്ട് അനുപാതം ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലാണെന്നു മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന് പറഞ്ഞു.