രൂപയുടെ മൂല്യത്തകർച്ച; സാമ്പത്തിക വ്യവസായിക മേഖലകളിൽ ആശങ്ക
Monday, September 26, 2022 12:02 AM IST
ഓഹരി അവലോകനം / സോണിയ ഭാനു
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി അമേരിക്കൻ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 81.23 ലേയ്ക്ക് ഇടിഞ്ഞത് സാമ്പത്തിക വ്യവസായിക മേഖലകളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. രാജ്യം ബ്രിട്ടീഷ് സാമാജ്യത്തിൽ നിന്നും മോചനം നേടുമ്പോൾ രൂപയുടെ വിനിമയ നിരക്ക് പൗണ്ടിന് മുന്നിൽ 13.33 ലും രൂപ ഡോളറിന് മുന്നിൽ 3.30 ലുമായിരുന്നു.
ഫോറെക്സ് മാർക്കറ്റിലെ ചലനങ്ങൾ വിദേശ ഫണ്ടുകളെ ആഗോള ഓഹരി വിപണികളിൽ വിൽപ്പനക്കാരാക്കി. അമേരിക്ക പലിശ നിരക്കിൽ വരുത്തിയ വർധന ഏഷ്യൻ‐യുറോപ്യൻ മാർക്കറ്റുകളെയും യു എസ് ഓഹരി ഇൻഡക്സുകളെയും പിടിച്ച് ഉലച്ചതോടെ ബോംബെ സെൻസെക്സ് 668 പോയിൻറ്റും നിഫ്റ്റി 203 പോയിന്റും നഷ്ടത്തിലായി.
യു എസ് ഫെഡ് റിസർവ് പലിശ നിരക്കിൽ 75 ബേസീസ് പോയിന്റ് വർധിപ്പിച്ചു. ഈ വർഷം അവർ മുന്ന് തവണ പലിശ നിരക്ക് ഉയർത്തി വർഷാന്ത്യത്തിന് മുമ്പേ 125 ബേസിസ് പോയിന്റ് കൂടി ഉയർത്താം.
ജൂലൈ ആദ്യം ഇതേ കോളത്തിൽ വ്യക്തമാക്കിയതാണ് സാമ്പത്തിക മാന്ദ്യം മൂലം രൂപയുടെ മൂല്യം 79 ൽ നിന്നും 81 ലേയ്ക്കും വർഷാന്ത്യത്തിന് മുന്നേ 82 ലേയ്ക്കും ഇടയുമെന്ന്. നിലവിലെ സ്ഥിതി വിലയിരുത്തിയാൽ സാമ്പത്തിക വർഷാന്ത്യത്തിന് മുന്നേ രൂപ 83 ലേയ്ക്കും തകരാം. വാരാന്ത്യം രൂപ 81.23 ലാണ്. ഈ വാരം ആർ ബി ഐ പലിശ നിരക്ക് പുതുക്കിയാൽ വിപണി ഒരിക്കൽ ആടി ഉലയും.
സാമ്പത്തിക മാന്ദ്യം മുന്നിൽ കണ്ട് വിദേശ ഫണ്ടുകൾ വിൽപ്പനയ്ക്ക് മത്സരിച്ചു. നിഫ്റ്റി 17,530 ൽ നിന്നും മുൻവാരം സൂചിപ്പിച്ച 17,918 ലെ ആദ്യ പ്രതിരോധ മേഖലയ്ക്ക് അടുത്ത അവസരത്തിൽ ഉടലെടുത്ത വിൽപ്പന സമ്മർദം മൂലം നിഫ്റ്റിക്ക് 17,902 വരെ അടുക്കാനായുള്ളു. വില്പന കനത്തതോടെ 17,319 ലെ ആദ്യ സപ്പോർട്ട് തകർത്ത് 17,291 വരെ ഇടിഞ്ഞങ്കിലും ക്ലോസിംഗി ൽ 17,327 പോയിന്റിലാണ്.
ഈവാരം 17,111 ലെ ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 16,895 ലേയ്ക്കും ഒക്ടോബറിൽ 16,284 റേഞ്ചിലേയ്ക്കും സൂചിക സഞ്ചരിക്കാം, വിപണിയുടെ പ്രതിരോധം 17,722 പോയിൻറ്റിലാണ്. ഇന്ന് ഓപ്പണിംഗ് വേളയിൽ നിഫ്റ്റി ഏകദേശം നൂറ് പോയിന്റ് ഇടിഞ്ഞ് 17,200 റേഞ്ചിലേയ്ക്ക് അടുക്കാം.
നിഫ്റ്റിയുടെ പ്രതിദിന ചാർട്ട് വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ് എ ആർ സെല്ലിംഗ് മൂഡിലേയ്ക്ക് തിരിഞ്ഞു. മറ്റ് ഇൻഡിക്കേറ്ററുകളായ സ്ലോ സ്റ്റോക്കാസ്റ്റിക്സ്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്സ്, സ്റ്റോക്കാസ്റ്റിക്സ് ആർ എസ് ഐ തുടങ്ങിയവ ഓവർ സോൾഡായി.
ബോംബെ സെൻസെക്സ് 58,766 ൽ നിന്നും ശക്തമായ കുതിപ്പിലുടെ കഴിഞ്ഞ വാരം സൂചിപ്പിച്ച 60,065 ലെ പ്രതിരോധം തകർത്ത് 60,079 വരെ മുന്നേറി. ഈ അവസരത്തിൽ വിദേശ ഫണ്ടുകൾ മുൻ നിര ഓഹരികളിൽ സൃഷ്ടിച്ച വിൽപ്പന സമ്മർദ്ദത്തിൽ സെൻസെക്സ് 57,981 ലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങിൽ 58,098 ലാണ്. ഈ വാരം 57,359 ലെ ആദ്യ സപ്പോർട്ട് നിലനിർത്തിയാൽ തിരിച്ചുവരവിൽ 59,45 7‐60,817 റേഞ്ചിലേയ്ക്ക് ചുവടുവെക്കാം. അതേസമയം വിൽപ്പന സമ്മർദം തുടർന്നാൽ 56,621 റേഞ്ചിലേയ്ക്ക് നീളാം.
വിദേശ ഫണ്ടുകൾ പിന്നിട്ടവാരം 1508 കോടി രൂപയുടെ നിക്ഷേപവും 5871 കോടി രൂപയുടെ വിൽപ്പനയും നടത്തി. ആഭ്യന്തര ഫണ്ടുകൾ 95 കോടിയുടെ ഓഹരികൾ വിറ്റഴിച്ചതിനൊപ്പം 1233 കോടിയുടെ വാങ്ങലുകൾക്കും താൽപര്യം കാണിച്ചു.
ക്രൂഡ് ഓയിലെ ബാധിച്ച തളർച്ച തുടരുന്നു. വാരാന്ത്യം ബാരലിന് 78.15 ഡോളറാണ്. റഷ്യ‐ഉക്രൈയിൽ സംഘർഷാവസ്ഥയുടെ തുടക്കത്തിൽ എണ്ണ വില 130 ഡോളറിലേയ്ക്ക് ഉയർന്നിരുന്നു. അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് 1675 ഡോളറിൽ നിന്നും 1639.77 ലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 1644 ഡോളറിലാണ്.