ഇ-വാഹനങ്ങളുടെ സാമ്പത്തിക നേട്ടം ജനങ്ങളെ ബോധ്യപ്പെടുത്തണം: മന്ത്രി കെ. കൃഷ്ണൻകുട്ടി
Thursday, November 24, 2022 12:20 AM IST
തിരുവനന്തപുരം: പെട്രോൾ, ഡീസൽ വാഹനങ്ങളിൽനിന്നു ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുമ്പോഴുള്ള സാമ്പത്തികനേട്ടം ജനങ്ങളെ വിശദമായി ബോധ്യപ്പെടുത്തണമെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.
പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊർജസംരക്ഷണം നടപ്പാക്കുക, പെട്രോളിയം ഇന്ധനങ്ങളുടെ വില വർധന മൂലമുള്ള പ്രയാസങ്ങളിൽനിന്നു രക്ഷനേടുക തുടങ്ങിയ ഉദേശങ്ങൾ മുൻനിർത്തിയാണു സംസ്ഥാന സർക്കാർ ഇ-മൊബിലിറ്റി നയം പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്ഇബി സംഘടിപ്പിച്ച ഇ-മൊബിലിറ്റി കോൺക്ലേവ് ‘ഇ-വാട്ട്സ് 22’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സാധാരണ പെട്രോൾ ഇന്ധനത്തിൽ ഓടുന്ന ഒരു ഓട്ടോറിക്ഷ ഇലക്ട്രിക് ഓട്ടോയിലേക്ക് മാറിയാൽ ദിവസം 900 രൂപ വരെ ലഭിക്കാൻ കഴിയുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ദിവസം അഞ്ചു ലിറ്റർ ഡീസൽ നിറയ്ക്കുന്ന കാറുടമയ്ക്ക് പ്രതിമാസം 12,000 രൂപ വരെ ലാഭിക്കാൻ സാധിക്കും. ഈ കണക്കു വിശദമായി ജനങ്ങളിലെത്തിക്കാൻ സാധിച്ചാൽ വലിയ മാറ്റമുണ്ടാക്കാനാകും - മന്ത്രി പറഞ്ഞു.
ഇ-വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷനുകളുടെ കാര്യത്തിൽ സ്വകാര്യ മേഖലയ്ക്കു കൂടുതൽ പങ്കുവഹിക്കാനാകും. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ പോകുന്ന ഹോട്ടലുകളിൽ ചാർജിംഗ് സ്റ്റേഷൻ ഉണ്ടാവുകയാണെങ്കിൽ ഹോട്ടൽ നടത്തിപ്പുകാർക്ക് അധിക വരുമാനമാകും.
ബാങ്കുകളുമായി ധാരണയുണ്ടാക്കി ഇലക്ട്രിക് വാഹനങ്ങൾ കുറഞ്ഞ പലിശ നിരക്കിൽ ലഭ്യമാക്കണം. ഇ-വാഹനങ്ങൾ ചാർജ് ചെയ്യാൻ 70 ലധികം ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും 1165 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളുമുൾപ്പെടെ വിപുലമായ സൗകര്യമാണു കേരളത്തിലുള്ളത്. ഇതു ദേശീയശ്രദ്ധ ആകർഷിച്ച ഒന്നാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ വകയിരുത്തിയ 8.2 കോടി രൂപയിൽ അഞ്ചു കോടി കൈമാറിയ ഗതാഗത വകുപ്പിനെ വൈദ്യുതി മന്ത്രി അഭിനന്ദിച്ചു. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന കെഎസ്ഇബിയുടെ ആപ്പ്, KeMapp ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു.
ഊർജ, വനം, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ അധ്യക്ഷത വഹിച്ചു.